മാഡ്രിഡ്: സ്‌പെയിന്റെ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ദേശീയ ടീമിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്നു സാമൂഹിക മാധ്യമങ്ങള്‍ വഴിയാണു റാമോസ് പ്രഖ്യാപിച്ചത്.
2010 ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീം അംഗമായിരുന്നു. 18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് വിരാമമിടുന്നത്. 2005 ലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിനായി കളിച്ചത്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നു വേണ്ടി തുടര്‍ന്നു കളിക്കുമെന്നും റാമോസ് വ്യക്തമാക്കി. രണ്ടുതവണ യൂറോ കപ്പ് നേടിയ (2008, 2012) സ്പാനിഷ് ടീമിലും സെന്‍ട്രല്‍ ഡിഫന്‍ഡറായിരുന്നു. റാമോസ് 2021 മാര്‍ച്ച് 31 നാണ് അവസാനം കളിച്ചത്. കൊസവോയ്‌ക്കെതിരേ പകരക്കാരനായി കളിച്ചു. ലൂയിസ് എന്റിക്വെ 2019 ല്‍ കോച്ചായ ശേഷമാണു റാമോസിനെ പരിഗണിക്കാതായത്. സ്‌പെയിനു വേണ്ടി ഏഴ് പ്രധാന ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ റാമോസിനായി. രാജ്യത്തിനു വേണ്ടി 180 മത്സരങ്ങള്‍ കളിച്ചു. 23 ഗോളുകളടിച്ച താരം എട്ട് അസിസ്റ്റുകളും കുറിച്ചു. സ്‌പെയിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ്. സ്‌പെയിന്റെ പുതിയ കോച്ച് ലൂയിസ് ഡാ ഫുയെന്റ റാമോസ് തന്റെ പരിഗണനയില്‍ ഇല്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു വിരമിക്കല്‍. സ്‌പെയിനു വേണ്ടി കുറച്ചു മത്സരങ്ങള്‍ കൂടി കളിക്കാന്‍ മോഹമുണ്ടായിരുന്നു. പുതിയ കോച്ചിനും വേണ്ടാതായതോടെ വിരമിക്കുകയാണെന്നു 36 വയസുകാരനായ റാമോസ് കുറിച്ചു. ലയണല്‍ മെസി, ലൂകാ മോഡ്രിച്ച്, പെപെ തുടങ്ങിയ വെറ്ററന്‍മാര്‍ ദേശീയ ടീമുകളില്‍ ഇപ്പോഴും കളിക്കുന്നത് അസൂയയോടെയാണു കാണുന്നതെന്നും റാമോസ് പറഞ്ഞു.
