കോഴിക്കോട്: സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാന്‍ മാര്‍ച്ച് ഒന്നിന് സംഗമം നടത്താന്‍ എസ്.കെ.എസ്.എസ്.എഫ്.- എസ്.വൈ.എസ്. സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് എസ്.വൈ.എസ്. സ്‌റ്റേറ്റ് വര്‍ക്കിങ്ങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹക്കീം ഫൈസി ആദൃശ്ശേരി നാദാപുരത്തെ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പിച്ച ശേഷമാണ് കഴിഞ്ഞദിവസം നാദാപുരത്തെ പരിപാടിക്ക് സാദിഖ് അലി തങ്ങള്‍ പോയത്. എന്നാല്‍ ആദൃശ്ശേരി അവിടെ എത്തുകയായിരുന്നു. തങ്ങള്‍ സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല. കോഴ്‌സ് കഴിയും വരെ വിവാഹം പാടില്ല എന്ന നിയമം സിഐസിയില്‍ ശരിയല്ലെന്ന് സമസ്ത വ്യക്തമാക്കിയപ്പോള്‍ ഈ മാറ്റം ഹക്കീം ഫൈസി ആദൃശ്ശേരി അംഗീകരിച്ചില്ല. സ്ത്രീ മുന്നേറ്റത്തിന് വേണ്ടി നിന്നത് കൊണ്ടാണ് സമസ്ത പുറത്താക്കിയത് എന്ന ആദൃശ്ശേരിയുടെ വാദം തെറ്റാണ്. സമസ്തയെ അദ്ദേഹം നിരന്തരം വെല്ലുവിളിച്ചു. അതാണ് പുറത്താക്കാന്‍ കാരണം. ആദൃശ്ശേരി പങ്കെടുക്കില്ല എന്ന് സാദിഖ് അലി തങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. എത്തിയ സ്ഥിതിക്ക് ആദൃശേരിയെ അപമാനിക്കേണ്ടെന്ന് തങ്ങള്‍ കരുതി. അത് സാദിഖ് അലി തങ്ങള്‍ കാണിച്ച മാന്യതയാണ്.
ആദൃശ്ശേരി സിഐസിയുടെ കീഴിലെ കോളേജിലെ കുട്ടികളെ തെറ്റായി ബ്രയിന്‍ വാഷ് ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനംരാജിവെച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ല. സമസ്തയും സാദിഖ് അലി തങ്ങളും തമ്മില്‍ നല്ല ബന്ധമാണ്. പൊതു സമൂഹത്തേയും ആദൃശ്ശേരി തെറ്റിദ്ധരിപ്പിച്ചു. പല തവണ ആദൃശ്ശേരിയെ തിരുത്താന്‍ ഹൈദരാലി ശിഹാബ് തങ്ങളും ശ്രമിച്ചിരുന്നു. ആദൃശ്ശേരിയെ മാറ്റിയാല്‍ സമസ്ത സിഐസിയുമായി സഹകരിക്കും. ഹക്കീം ഫൈസി ആദൃശ്ശേരിയുമായി വേദി പങ്കിടരുത്. ഇത് ശക്തമായ നിലപാടാണെന്നും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി.
ഇതിനിടെ ഹക്കീം ഫൈസി ആദൃശേരി സിഐസി (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ്) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിഐസി പ്രസിഡന്റ് കൂടിയായ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി ഹക്കീം ഫൈസി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സമസ്തയുടെ ഉന്നത നേതാക്കളും പങ്കെടുത്തിരുന്നു. ഇന്ന് ഹക്കീം ഫൈസി രാജിക്കത്ത് നല്‍കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

