ജോഗ്രഫി പാഠപുസ്തകം തിരുത്തണം: ഭൂമി സൃഷ്ടിക്കപ്പെട്ടത് നാല് പാളികളുമായെന്ന് ഗവേഷകര്‍

ഭൂമിയുടെ കാമ്പിനുള്ളില്‍ ഒരു പാളികൂടി കണ്ടെത്തി. 2414 കിലോമീറ്റര്‍ വിസ്താരമുള്ള അകകാമ്പിനെ നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതാണ്. അതിനുള്ളിലാണു 1287.48 കിലോമീറ്റര്‍ വിസ്താരമുള്ള കേന്ദ്രം കണ്ടെത്തിയത്. ഇതു ഖരരൂപത്തിലുള്ളതാണെങ്കിലും തൊട്ടുമുകളിലുള്ള പാളിയേക്കാള്‍ വ്യത്യാസമുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓസ്ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയുടെ എര്‍ത്ത് സയന്‍സസ് റിസേര്‍ച്ച് സ്‌കൂളാണു പഠനം നടത്തിയത്. അകക്കാമ്പിന്റെ ഉള്ളം 6370 കിലോമീറ്റര്‍ ആഴത്തില്‍ വരെയാണ്. ഇവിടെ താപനില 4,200 ഡിഗ്രി സെല്‍ഷ്യസ് വരെഉയരും. ഖരരൂപത്തിലുള്ള ഇരുമ്പും നിക്കലുമാണ് ഇവിടെയുള്ളത്. ഏറ്റവും ഉള്ളിലുള്ള കാമ്പില്‍ ഇരുമ്പാണുള്ളത്. പക്ഷേ, അതിന്റെ ഘടന മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂചലനങ്ങളുടെയും മറ്റും സഹായത്തോടെയാണു ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ഉള്ളിനെക്കുറിച്ചു പഠിക്കുന്നത്.
ഇന്റര്‍നാഷണല്‍ സീസ്മോളജിക്കല്‍ സെന്ററില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഗവേഷണ സംഘം ഉപയോഗിച്ചത്. ഭൂമിയുടെ അകക്കാമ്പിലൂടെ സഞ്ചരിക്കുന്ന ഭൂകമ്പ തരംഗങ്ങള്‍ വ്യത്യസ്തമായ അളവില്‍ വളയുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്. അകക്കാമ്പിലെ ഇരുമ്പിന്റെ ഘടനയിലുള്ള വ്യത്യാസമാണ് ഈ ഭൂകമ്പതരംഗങ്ങളുടെ വ്യതിചലനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

എന്താണ് ഭൂമിയുടെ അകക്കാമ്പ്?
ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായാണ് ശാസ്ത്രജ്ഞര്‍ വിഭജിച്ചിരിക്കുന്നത്- ക്രസ്റ്റ് അഥവാ ഭൂവല്‍ക്കം, മാന്റില്‍ അഥവാ മധ്യഭാഗം കോര്‍ അഥവാ അകക്കാമ്പ് ഇതില്‍ അകക്കാമ്പിന്റെ തൊട്ടുമുകളിലുള്ള ഭാഗത്തെ പുറക്കാമ്പ് എന്ന് പറയുന്നു. പ്രധാനമായും നിക്കല്‍, ഇരുമ്പ് എന്നിവയാല്‍ നിര്‍മിതമായ ഭാഗമാണിത്. ഏറ്റവും താണ വിസ്‌കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് അകക്കാമ്പ്. അകക്കാമ്പിന്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത്, 6000 ഡിഗ്രി സെല്‍ഷ്യസ് ആണെന്നാണ് നിഗമനം. ഉയര്‍ന്ന മര്‍ദം കാരണം അകക്കാമ്പ് ഖരാവസ്ഥയില്‍ കാണപ്പെടുന്നു.

നമ്മുടെ കാലടിയ്ക്ക് കീഴെ മൂവായിരം മൈലുകള്‍ക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാല്‍ത്തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് പരിമിതഅറിവ് മാത്രമാണുള്ളത്. ഭൂമിയുടെ കാന്തികസുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും ഹാനികരമായ കിരണപ്രസരണത്തെ പ്രതിരോധിക്കുന്നതിലും ഉള്‍പ്പെടെ നിരവധി സംഗതികളില്‍ അകക്കാമ്പ് നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്. ഏകദേശം ചന്ദ്രന്റെ മൂക്കാല്‍ഭാഗത്തോളം വലിപ്പമുള്ള ഒരു പന്ത് പോലെയാണ് അകക്കാമ്പ്. ദ്രവാവസ്ഥയിലുള്ള പുറംപാളി (പുറക്കാമ്പ്)ക്കുള്ളിലായതിനാല്‍ അകക്കാമ്പിന് വ്യത്യസ്തവേഗതയിലും ദിശയിലുമുള്ള ഭ്രമണം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭ്രമണവേഗതയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ രൂപമില്ല.

ഭൂകമ്പതരംഗങ്ങളുടെ പഠനത്തിനിടെ 1936-ലാണ് ഭൂമിയുടെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന അകക്കാമ്പിനെ കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. ഏകദേശം 7,000 കിലോമീറ്റര്‍ വിസ്തൃതിയാണ് അകക്കാമ്പിനുള്ളത്. 1996-ല്‍ നേച്ചര്‍ നടത്തിയ തുടര്‍പഠനത്തില്‍ ഭൂകമ്പതരംഗങ്ങള്‍ അകക്കാമ്പിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയദൈര്‍ഘ്യത്തില്‍ സ്ഥിരമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കോറിന്റെ വാര്‍ഷിക ഭ്രമണവേഗത മാന്റില്‍, ക്രസ്റ്റ് എന്നിവയുടെ ഭ്രമണവേഗതയേക്കാള്‍ ഒരു ഡിഗ്രി അധികമായതിനാലാണ് ഈ മാറ്റമെന്നാണ് ശാസ്ത്രനിഗമനം.

ചലനദിശയ്ക്ക് ഭൂമിയുടെ ദിനചര്യയുമായുള്ള ബന്ധമെന്ത്?

അകക്കാമ്പിന്റെ ചലനത്തിന് ഭൂമിയുടെ ദിനദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അകക്കാമ്പിന്റെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയത്തില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. ഭൂമിയുടെ ഭ്രമണത്തില്‍ കാന്തികപ്രഭാവത്തിന്റെ സ്വാധീനമുള്ളതിനാലും ഭൂമിയുടെ വ്യത്യസ്ത പാളികളായ ഭൂവല്‍ക്കവും മാന്റിലും അകക്കാമ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണിത്. ഭൂമിയുടെ വ്യത്യസ്തപാളികളുടെ പരസ്പരബന്ധം വെളിപ്പെടുത്തുന്നതാണ് ഭ്രമണസമയത്തിലുണ്ടാകുന്ന വ്യത്യാസം. കേന്ദ്രത്തിലുള്ള അകക്കാമ്പിലും പിന്നീട് മധ്യമേഖലയിലും ഭൂവല്‍ക്കത്തിലുമുണ്ടാകുന്ന ചലനങ്ങള്‍ക്ക് മറ്റുപാളികളിലും അന്തിമമായി ഭൗമോപരിതലത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പഠനസംഘം പറയുന്നു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →