സര്‍ക്കാരിന്റെ അതിവേഗ നീക്കങ്ങള്‍; ഇസ്രയേലില്‍ മുങ്ങിയ ബിജുവിന്റെ വിസ റദ്ദാക്കപ്പെടും, എംബസിക്ക് കത്ത് നൽകും

കണ്ണൂര്‍: ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ തുടർനടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാൻ  ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബുജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. 22/02/23 ബുധനാഴ്ച വാർത്താ സമ്മേളനം നടത്തുന്ന കൃഷിമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇസ്രയേലിലേക്ക് പോയ സംഘത്തിലെ കർഷകൻ ബിജു കുര്യന്റെ തിരോധാനത്തിൽ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നുമില്ല. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കൾക്കും വിവരമൊന്നുമില്ല. അതേസമയം, ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് പായം കൃഷി ഓഫീസർ കെ ജെ രേഖ പറഞ്ഞു.

ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി 2023 ഫെബ്രുവരി മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച് പിന്നീട് കിട്ടിയ വിവരം. ഇരിട്ടി പേരട്ടയിലെ ബിജുവിന്റെ വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. 

പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ഭാര്യ വ്യക്തമാക്കുകയും ചെയ്തു. 20 വർഷത്തോളമായി കൃഷിക്കാരനാണ് ബിജു എന്നാണ് അയൽക്കാർ നൽകുന്ന വിവരം. ഓൺലൈനായാണ് ബിജുവിന്റെ ഇസ്രയേലിൽ പോകുന്നതിനുള്ള അപക്ഷ വന്നതെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നുവെന്നും പായം കൃഷി ഓഫീസർ കെ ജെ രേഖ വ്യക്തമാക്കി. ബിജുവിന്റെ ബന്ധുക്കൾ ആരെങ്കിലും ഇസ്രയേലിൽ ഉള്ളതായി വിവരമില്ല. എന്നാൽ, നാട്ടുകാരായ കുറച്ച് പേർ ജോലി ആവശ്യാർത്ഥം ഇസ്രയേലിൽ ഉണ്ട്. ബിജു ഇവരുടെ അടുത്തുണ്ടാകാം എന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും കരുതുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →