കണ്ണൂര്‍: നൂതനകൃഷി രീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്കു പുറപ്പെട്ട കര്‍ഷക പഠനസംഘത്തില്‍ ഉളിക്കല്‍ പഞ്ചായത്ത് പേരട്ടയിലെ ബിജു കുര്യനെ ചേര്‍ത്തതില്‍ വീഴ്ചയില്ലെന്ന് കൃഷി വകുപ്പ്. ബിജു കുര്യനെ ഉള്‍പ്പെടുത്തിയത് നടപടിക്രമങ്ങളെല്ലാം പാലിച്ചെന്ന് പായം കൃഷിഭവന്‍ അധികൃതര്‍.
പഠനസംഘത്തില്‍ നിന്ന് ബിജുവിനെ കാണാതാവുകയും വിവാദങ്ങള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. സംഭവത്തില്‍, വകുപ്പ് മേധാവികള്‍ ആവശ്യപ്പെട്ടതു പ്രകാരം കൃഷി ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ഡിസംബര്‍ 20-നാണ് പായം കൃഷിഭവനില്‍ ബിജു കുര്യന്റെ അപേക്ഷ എത്തിയത്. ഇതുപ്രകാരം കൃഷി ഓഫീസര്‍ കെ.ജെ. രേഖയുടെ നേതൃത്വത്തില്‍ അധികൃതര്‍ കിളിയന്തറയിലുള്ള ബിജു കുര്യന്റെ കൃഷിയിടം സന്ദര്‍ശിച്ചു. രണ്ടേക്കര്‍ സ്ഥലമാണ് കിളിയന്തറയില്‍ ബിജു കുര്യനുള്ളത്. തെങ്ങ്, കുരുമുളക്, വാഴ, റബര്‍ എന്നിവ ഇവിടെ കൃഷി ചെയ്യുന്നുണ്ടെന്ന് മനസിലാക്കി. ഉളിക്കല്‍ പഞ്ചായത്ത് പരിധിയില്‍ വീടിരിക്കുന്ന പേരട്ടയിലെ 30 സെന്റ് പുരയിടത്തിലും കൃഷിയുണ്ട്. പായം കൃഷിഭവന്റെ കീഴിലാണ് കൂടുതല്‍ സ്ഥലവും കൃഷിയും എന്ന നിലയിലാണ് അപേക്ഷ എത്തിയത്.
കൃഷിവകുപ്പ് ഇസ്രയേല്‍ പഠന സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കുന്നതിനായി നല്‍കിയിട്ടുള്ള ചോദ്യാവലി പ്രകാരം തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ജനുവരി രണ്ടിന് ബിജു കുര്യന്റെ അപേക്ഷ അംഗീകരിച്ച് കൃഷി അസി. ഡയറക്ടര്‍ കൈമാറിയതായി പായം കൃഷി ഓഫീസര്‍ കെ ജെ രേഖ പറയുന്നു. പായം കൃഷിഭവനിലെ ഏക അപേക്ഷകനും ബിജു കുര്യന്‍ ആയിരുന്നെന്ന് അധികൃതര്‍ വിശദീകരിച്ചു.

