ഉത്തരവുകള്‍
മലയാളത്തിലും
കൊച്ചി: കോടതി ഉത്തരവു പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണു മലയാളത്തില്‍ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണു പരീക്ഷണ അടിസ്ഥാനത്തില്‍ മലയാളത്തില്‍ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവാണു മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ജില്ലാ കോടതികളിലെയും ഉത്തരവുകള്‍ ഇനി മലയാളത്തിലും എഴുതാന്‍ കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണു മലയാള പരിഭാഷ തയാറാക്കുന്നത്. അതിനാല്‍, മലയാളി പൊതുസമൂഹം സാധാരണ ജീവിതത്തില്‍ ഉപയോഗിക്കാത്ത, മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പദപ്രയോഗങ്ങളും വാക്കുകളും ഉത്തരവില്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇംഗ്ലീഷ് ഭാഷയില്‍നിന്നു പദാനുപദ തര്‍ജമ ചെയ്യുന്നതിനാല്‍ ചിലയിടങ്ങളിലൊക്കെ ഒരു വാക്യം വലിയൊരു ഖണ്ഡികയാണ്. ഉത്തരവ് മലയാളത്തില്‍ പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമ സാധുതയെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി ഉത്തരവുകള്‍ സാധാരണക്കാരുമായി അടുപ്പിക്കാന്‍ പ്രാദേശിക ഭാഷയില്‍ പരിഭാഷ വേണ്ടതുണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായി കേരളാ ഹൈക്കോടതിയാണ് ഈ മാറ്റം അംഗീകരിച്ചു രണ്ടു ഉത്തരവുകള്‍ മലയാളത്തിലാക്കി പുറത്തിറക്കിയത്. കോടതി വിധിന്യായങ്ങള്‍ വായിച്ചു മനസിലാക്കാന്‍ സാധാരണക്കാരനു ബുദ്ധിമുട്ടായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഉത്തരവുകള്‍ പ്രാദേശിക ഭാഷയിലാക്കുന്നത്.
ഭരണഭാഷ മലയാളമാക്കിയതിനു പിന്നാലെ കോടതി ഉത്തരവുകളും മലയാളത്തിലാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതു നടപ്പാകാത്തതിനാല്‍, ഉത്തരവുകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ വേണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുതല്‍ മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതികള്‍ വരെ മലയാളത്തില്‍ വിധി എഴുതാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു.
മലയാളത്തില്‍ എഴുതാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ അക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അതു പരിഹരിക്കാന്‍ നടപടിയെടുക്കും. മലയാളം സ്‌റ്റെനോഗ്രഫിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശീലനം നല്‍കിത്തുടങ്ങി.
അവരുടെ സേവനം ലഭിക്കുന്നതു വരെ കഴിയുന്നതും കീഴ്‌കോടതി ജഡ്ജിമാര്‍ സ്വന്തമായി മലയാളത്തില്‍ ഉത്തരവ് എഴുതണം. നിയമ പദാവലികള്‍ മലയാളത്തിലാക്കി വിതരണം ചെയ്തിട്ടുണ്ട്. തത്തുല്യമായ മലയാളം വാക്കുകള്‍ ലഭിക്കാത്തവയ്ക്ക് ഇംഗ്ലീഷ് വാക്കുകള്‍ തന്നെ ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദ്ദേശം.

