തിരുവനന്തപുരം: ഉത്തരകേരളത്തിലെ വിവിധ പരിപാടികള്‍ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു തലസ്ഥാനത്തും കനത്തസുരക്ഷ. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കായി അയ്യന്‍കാളി ഹാളിനു ചുറ്റും ഡി.സി.പിയുടെയും ആറ് ഡിെവെ.എസ്.പിമാരുടെയും നേതൃത്വത്തില്‍ ഒരുക്കിയതു വന്‍സന്നാഹം. പിങ്ക് പോലീസ് മുതല്‍ ബോബ് സ്‌ക്വാഡ് വരെ ഹാളിന് അകത്തും പുറത്തും നിലയുറപ്പിച്ചു. പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധവും തിരിച്ചടിക്കാന്‍ എസ്.എഫ്.ഐ. തയാറായേക്കുമെന്ന മുന്നറിയിപ്പും കണക്കിലെടുത്തായിരുന്നു പോലീസ് നീക്കം. മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോള്‍ വിമാനത്താവളം മുതല്‍ പഴുതടച്ച സുരക്ഷയൊരുക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കാര്‍ഗോ ഗേറ്റിലൂടെയാണു പുറത്തുകടന്നത്. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന മാതൃഭാഷാദിനാചരണത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. നേരേ ക്ലിഫ് ഹൗസിലേക്കു പോയ അദ്ദേഹം പിന്നീട് ഓഫീസിലെത്തി.