കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍നിന്ന് 21 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാരക്കല്‍ എക്‌സ്പ്രസിന്റെ ഡി 1 കോച്ചിലെ 47-ാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പേപ്പര്‍ കവറില്‍ പൊതിഞ്ഞ നലയില്‍ പണം കണ്ടെത്തിയത്. കാരക്കലില്‍ നിന്നു വരുന്ന ട്രെയിന്‍ എറണാകുളം മുതല്‍ കോട്ടയം വരെ പാസഞ്ചറായാണ് സര്‍വീസ് നടത്തുന്നത്. കോട്ടയത്തെത്തിയ ട്രെയിനില്‍ ഇന്നലെ രാവിലെ 9.30 നു റെയില്‍വേ പോലീസും കേരള പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 500 രൂപയുടെ 100 എണ്ണം വീതമുള്ള കെട്ടുകളായാണു നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ബാങ്കിലെത്തിച്ച് യഥാര്‍ഥ പണമാണെന്ന് ഉറപ്പുവരുത്തി. ആരാണ് പണം വെച്ചതെന്നു കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും പണം കോടതിക്കു കൈമാറുമെന്നും റെയില്‍വേ പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചു പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.