മദ്യനയക്കേസില്‍ 26 ന് ഹാജരാകാന്‍ സിസോദിയയ്ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഈമാസം 26 നു ഹാജരാകാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് സി.ബി.ഐ. നോട്ടീസ്. കഴിഞ്ഞ 19 നു ഹാജരാകാന്‍ നേരത്തേ നല്‍കിയ നോട്ടീസില്‍ സിസോദിയ സാവകാശം തേടിയിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബജറ്റ് തയാറാക്കല്‍ പ്രക്രിയയിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആവശ്യം അംഗീകരിച്ച സി.ബി.ഐ. പുതിയ തീയതി നിര്‍ദേശിച്ച് നോട്ടീസ് നല്‍കി. മദ്യനയക്കേസില്‍ കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 17 ന് സിസോദിയയെ സി.ബി.ഐ. ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീടും ബാങ്ക് ലോക്കറുകളും പരിശോധിക്കുകയും ചെയ്തു.

കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും സംശയനിഴലിലുള്ള മറ്റുള്ളവര്‍ക്കൊപ്പം സിസോദിയക്കെതിരേയും അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാക്കാലത്തും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തുടര്‍ന്നും അതുണ്ടാകുമെന്നും സിസോദിയ പ്രതികരിച്ചു. സി.ബി.ഐ, ഇ.ഡി. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ വേട്ടയാടലില്‍ ഭയമില്ലെന്നും മുമ്പ് നടന്ന പരിശോധനകളില്‍ തന്റെ പങ്ക് തെളിയിക്കാനുള്ള തെളിവൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →