ആലപ്പുഴ: എസ്.എന്‍. ട്രസ്റ്റിന്റെ അമരത്ത് വെള്ളാപ്പള്ളി നടേശന്‍ 27 വര്‍ഷം പിന്നിട്ടു.1996 ഫെബ്രുവരി മൂന്നിന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ ഈ വര്‍ഷം നവംബറില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തും 27 വര്‍ഷം പൂര്‍ത്തിയാക്കും. ട്രസ്റ്റിന്റേയും യോഗത്തിന്റേയും ചരിത്രത്തില്‍ ഇതൊരു റെക്കോഡാണ്. ആര്‍. ശങ്കറിനു ശേഷം രണ്ടു പദവികളും ഒരേ സമയം വഹിക്കാനുള്ള അവസരവും വെള്ളാപ്പള്ളിക്കാണു ലഭിച്ചിട്ടുള്ളത്. 59 വര്‍ഷമായി കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പ്രസിഡന്റുമാണ്.
ട്രസ്റ്റിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേയും വളര്‍ച്ച കൂട്ടായ്മയുടെ കരുത്തില്‍ നേടിയെടുത്തതാണ് ഇക്കാലയളവിലെ പ്രധാനനേട്ടമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഭരണകാലഘട്ടത്തില്‍ 33 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എസ്.എന്‍. ട്രസ്റ്റിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടത്. ഒരു എയ്ഡഡ് കോളജുള്‍പ്പെടെ 16 കോളജുകള്‍, അഞ്ച് സെന്‍ട്രല്‍ സ്‌കൂളുകള്‍, 12 എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയാണവ.

