കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് നടന് ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാണ സ്ഥാപനത്തില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണു ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പു വിളിച്ചു വരുത്തിയത്.
സമാനമായ നിലയില്‍ നടന് മോഹന്‍ലാലിന്റെ മൊഴി ആദായ നികുതി വകുപ്പു കൊച്ചിയില്‍ രേഖപ്പെടുത്തിയിരുന്നു. രണ്ടുമാസം മുമ്പു സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണു നടപടികള്‍. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരില്‍നിന്നു നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു മോഹന്‍ലാലിനെ നേരില്‍ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചത്. രാജ്യത്ത് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വലിയ തോതില്‍ ആദായ നികുതി കുടിശിക അടയ്ക്കാനുണ്ടെന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ മലയാള സിനിമാ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.

