ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡെന്‍ബര്‍ഗ് വിഷയത്തില്‍, ഗൗതം അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടപാടുകളെക്കുറിച്ചു ഫോബ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രേഖയായി സ്വീകരിക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. പരാതിക്കാരിലൊരാളായ ഡോ. ജയ താക്കൂറിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാനായി ഒരു സമിതിയെ നിയോഗിക്കണമെന്ന് ഈ മാസം 17 നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
അതിനിടെ, ശതകോടീശ്വരനായ അദാനിയുടെ മൊത്തം ആസ്തി 50 ബില്യന്‍ ഡോളറിലും താഴെയായി. ബ്ലൂംബര്‍ഗിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് അദാനിയുടെ മൊത്തം ആസ്തി 49.1 ബില്യന്‍ ഡോളറാണ്. ഒരു മാസം മുമ്പ് 120 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകസമ്പന്നരില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദാനി.