അമ്പും വില്ലും വിട്ടുകൊടുക്കില്ല; ഉദ്ധവ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശിവസേനയെന്ന പേരും പാര്‍ട്ടി ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിഭാഗത്തിനു നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവ് താക്കറെ സുപ്രീം കോടതിയില്‍. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ അവതരിപ്പിച്ചത്. എന്നാല്‍, ചൊവ്വാഴ്ച (21.02.2023) പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഈ വിഷയം ഉള്‍പ്പെടാത്തതിനാല്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. നടപടിക്രമങ്ങള്‍ പാലിക്കണമെന്നും പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയശേഷം ഹാജരാകാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവില്‍ വസ്തുതാപരമായ പിശകുണ്ടെന്നും ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം. അതേസമയം, വിഷയത്തില്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും തടസഹര്‍ജി നല്‍കിയിട്ടുണ്ട്. തന്റെ കൂടി വാദം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കാനാണ് കവിയറ്റ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കഴിഞ്ഞ 17-നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചത്. ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്‌നമായ അമ്പും വില്ലും ഷിന്‍ഡേ വിഭാഗത്തിന് ലഭിച്ചത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായി. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്കു സാധുതയില്ലെന്നു വിലയിരുത്തിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍, പാര്‍ട്ടിയുടെ ഔദ്യോഗിക പേരും ചിഹ്‌നവും ഷിന്‍ഡേ പക്ഷത്തിന് അനുവദിച്ചത്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍ താക്കറെയാണ് ശിവസേനയുടെ സ്ഥാപകന്‍.

അതിനിടെ തെരഞ്ഞെടുപ്പു കമ്മിഷനില്‍നിന്നുള്ള തിരിച്ചടിക്കിടയിലും തനിക്കൊപ്പമുള്ളവരുടെ ആത്മവീര്യം ചോരാതിരിക്കാന്‍ ശിവെസെനികരുടെ ക്യാമ്പുകള്‍ കൂടുതല്‍ സക്രിയമാക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പുകളിലെ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ അടിത്തട്ടില്‍ ഷിന്‍ഡെപക്ഷം മേല്‍െക്കെ െകെക്കലാക്കില്ലെന്ന പ്രതീക്ഷയിലാണ് താക്കറെപക്ഷം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →