കുമ്പള (കാസര്‍ഗോഡ്): ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ആര്.എസ്.എസും തമ്മില്‍ നടത്തിയ ചര്‍ചയില്‍ ദുരൂഹതയുണ്ടെന്നും ഭൂരിപക്ഷ -ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുത് കൊണ്ട് സംസാരിക്കായിരുന്നു അദ്ദേഹം.
ജമാഅതെ ഇസ്ലാമി എന്ന പേര് ഉണ്ടെങ്കിലും അവര്‍ക്ക് മറ്റൊരു രൂപമുണ്ട്. ജമാഅതെ ഇസ്ലാമിയുടെ രാഷ്ര്ടീയപാര്ടിയാണ് വെല്‍ഫെയര്‍ പാര്‍ടി. വെല്‍ഫെയര്‍ പാര്‍ടി മുസ്ലീം ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫെയര്‍ പാര്‍ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണ്. ചര്‍ച്ച ജമാഅതെ ഇസ്ലാമിയുടെ ബുദ്ധിയില്‍ മാത്രം ഉദിച്ചതല്ലെന്നും കോണ്‍ഗ്രസിനും ലീഗിനും അതില്‍ പങ്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസര്‍കാരിന്റെ നയങ്ങള്‍ രാജ്യത്തിനും മതനിരപേക്ഷതക്കും എതിരാണ്. ഇന്‍ഡ്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. വര്‍ഗീയത രാജ്യത്തിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളാണ് കുമ്പളയിലേക്ക് ഒഴുകിയെത്തിയത്.
14 ജില്ലകളിലായി 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാര്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും. 2024 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍കാരിനെതിരെയുള്ള ശക്തമായ രാഷ്ര്ടീയ പ്രചാരണമാണ് ജാഥയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രടറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ പര്യടനം നടത്തും. ശാസ്ത്രീയകൃഷിരീതിയിലൂടെ കര്‍ഷകര്‍ക്ക് പരമാവധി വരുമാനം ഉറപ്പാക്കും
കാസര്‍ഗോഡ്: ശാസ്ത്രീയ കൃഷിരീതിയിലൂടെ പരമാവധി വരുമാനത്തിന് കര്‍ഷകരെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സഫലം ഫാം കാര്‍ണിവല്‍ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്‍ഷികവൃത്തിയിലെ നൂതന സാങ്കേതികവിദ്യകള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ വികാസത്തെ കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തുന്നതിനുമാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി നൂതന സാങ്കേതികമാതൃകകള് കൃഷിയിടത്തില്‍ത്തന്നെ ചെയ്തുകാണിച്ചുകൊടുക്കുന്നു എന്നതാണ് ഈ കാര്‍ണിവലിന്റെ പ്രത്യേകത. ആ നിലയ്ക്ക് ഈ പ്രദേശത്തിന്റെയും കേരളത്തിന്റെയാകെയും കാര്‍ഷികമുന്നേറ്റത്തിന് മികച്ച സംഭാവനകള്‍ നല്കാന് ഈ മേളയ്ക്കു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി നടത്തുക, വിളവെടുപ്പ് നടത്തുക, വിപണനം ചെയ്യുക എന്നതിനപ്പുറത്തേക്ക് നമ്മുടെ കാര്‍ഷികരംഗത്തിന് വളരാന്‍ കഴിയണം. ലോകത്ത് ഉയര്‍ന്നുവരുന്ന അഗ്രി ബിസിനസ് വിപണിയുടെ സാധ്യതകള്‍ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും കഴിയണം. കൂടുതല്‍ വിപണി ലഭ്യമാകുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം.
പുതിയ കാലത്ത് ഉയര്‍ന്നുവരുന്ന ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികളെ നേരിടാനും അതിനനുസരിച്ച് കൃഷിരീതികള്‍ക്ക് മാറ്റം വരുത്താനും നമ്മുടെ കാര്‍ഷികമേഖലയ്ക്ക് കഴിയണം. ഇത്തരത്തില്‍ കാര്‍ഷികമേഖലയെ നവീകരിക്കാനുള്ള ബഹുമുഖവും ദീര്‍ഘവീക്ഷണ ത്തോടെയുള്ളതുമായ ഇടപെടലുകളാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. നെല്‍വയല്‍ ഉടമകള്‍ക്കായി റോയല്‍റ്റി നടപ്പാക്കിയതും നാളികേര വികസന കൗണ്‍സില്‍ ആരംഭിച്ചതും കാര്‍ഷിക വിജ്ഞാനവ്യാപനം കാര്യക്ഷമമാ ക്കുന്നതിനായി ബ്ലോക്കുതല കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങള്‍ പ്രവര്ത്തനമാരംഭിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്. കാര്‍ഷികരംഗത്തെ യന്ത്രവത്ക്കരണത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നതിനാണ് യന്ത്രവത്കൃത മിഷന് തുടക്കമിട്ടത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനായി ആരംഭിച്ച സുഭിക്ഷകേരളം പദ്ധതി മാതൃകാപരമായ ഒന്നായിരുന്നു. വയനാട് ജില്ലയില്‍ പച്ചക്കറികള്‍ക്കും പൂക്കള്‍ക്കും വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്തെ 16 ഇനം പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും തറവില പ്രഖ്യാപിച്ചു.
കൃഷിനഷ്ടം സംഭവിക്കുന്നതിനുള്ള വര്‍ധിച്ച സാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിവരികയാണ്. ഇതിനെല്ലാം പുറമെയാണ് കാര്‍ഷികമേഖലയിലെ ഗവേഷണവും വിജ്ഞാന വ്യാപനവും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കൃഷിവകുപ്പുമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
ജയില്‍ പ്രവര്‍ത്തനം പുരോഗമനസമൂഹത്തിന്
ഉതകുന്ന തരത്തില്‍ വേണം
പുരോഗമന സമൂഹത്തിന് ഉതകുന്ന തരത്തിലുള്ളതായിരിക്കണം ജയില്‍ പരിഷ്കരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ചീമേനി ഓപ്പണ്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ അന്തേവാസികളുടെ പുതിയ ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക ജയില്‍ സംവിധാനം ലക്ഷ്യമിടുന്ന തിരുത്തല്‍ പ്രക്രിയയും സാമൂഹികവല്കരണവും പുനരധിവാസവും സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടൂതല്‍ അന്തേവാസികളെ തുറന്ന ജയിലിലേക്ക് പാര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് പുതിയ ബാരക്ക് നിര്‍മ്മിച്ചിട്ടുള്ളത്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. മൂന്നു കോടി എട്ട് ലക്ഷം രൂപയുടെ ഭരണാനുമതി നല്കി. രണ്ട് നിലകളിലായി 18,417 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ ബാരക്കില്‍ 104 അന്തേവാസികളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. ദീര്‍ഘകാലത്തേക്ക് ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുള്ള അന്തേവാസികളില്‍ നിന്നും, നല്ല പെരുമാറ്റമുള്ളവരെ സ്ക്രീനിങ്ങിനു വിധേയമാക്കി തുറന്ന ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഇത് വഴിയൊരുക്കും. മാത്രമല്ല, സെന്‍ട്രല്‍ ജയിലുകളിലെ അന്തേവാസികളുടെ ബാഹുല്യം കുറയ്ക്കുന്നതിനും ഇതു കാരണമാകും.
കേരളത്തിലെ ജയിലുകള്‍ ഇന്ന് കേവലം കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പാര്‍പ്പിക്കുന്ന ഇടങ്ങള്‍ മാത്രമല്ല. ജയില്‍ അന്തേവാസികളുടെ സംശുദ്ധീകരണവും സന്മാര്ഗീകരണവും ഇവിടെ നടക്കുന്നുണ്ട്. ഒപ്പം അന്തേവാസികള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത തലത്തിലുള്ള തൊഴില്‍പരിശീലനങ്ങളും ബോധവത്ക്കരണങ്ങളും വിദ്യാഭ്യാസ പരിപാടികളും ജയിലുകളില്‍ നടന്നുവരുന്നു. ഭക്ഷണ നിര്മ്മാണയൂണിറ്റുകള്ക്കു പുറമെ പെട്രോള്‍ പമ്പ്, ഫാഷന്‍ ഡിസൈനിംഗ് യൂണിറ്റ്, ബ്യൂട്ടി പാര്‍ലര്‍, വീവിംഗ് ആന്‍ഡ് ടെയിലറിങ്, കല്ലുവെട്ട് യൂണിറ്റ് എന്നിവയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അന്തേവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി റബ്ബര്‍ പ്ലാന്റേഷന്, കശുമാവ് പ്ലാന്റേഷന്, പശു, ആട്, കോഴി, മുയല് ഫാമുകള്‍ തുടങ്ങിയവയും ജയിലുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തടവുശിക്ഷ കഴിയുന്നതോടെ അന്തേവാസികളെ സാമൂഹ്യ ജീവിതത്തിന് അനുയോജ്യരാക്കി മാറ്റുന്നതിന് ഇവയൊക്കെ സഹായകരമാണ്. ഇത്തരം സംരംഭങ്ങള്‍ മുഖേന അന്തേവാസികള്‍ക്ക് വരുമാനം ലഭിക്കുന്നുവെന്നു മാത്രമല്ല, ചെറുതല്ലാത്ത തുക സര്‍ക്കാര്‍ ഖജനാവിലേക്കും ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൂന്നേമുക്കാല്‍ കോടി രൂപ ഇത്തരത്തില്‍ ലഭിച്ചു. ഈ സാമ്പത്തികവര്‍ഷം നാളിതുവരെ അതില്‍ക്കൂടുതല്‍ തുക സര്‍ക്കാരിലേക്ക് ലഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ ഏഴു വര്‍ഷം കേരളത്തിലെ ജയില്‍വകുപ്പില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജയില്പരിഷ്ക്കരണ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമ്പത്തികബാധ്യതയില്ലാതെ നടപ്പിലാക്കാന്‍ കഴിയുന്ന മുഴുവന്‍ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കിക്കഴിഞ്ഞു. ജില്ലാ ജയിലുകള്‍ ഇല്ലാതിരുന്ന വയനാട്, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ അവ ആരംഭിക്കുന്നതിന് നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. മുഖ്യാതിഥിയായി.
ഉത്തരകേരളത്തിന്റെ ടൂറിസം വികസനത്തില്‍
ബോട്ട് ടെര്‍മിനല്‍ നാഴികക്കല്ലാകും
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കുള്ള ബ്രാന്‍ഡ് വാല്യൂ തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എട്ടു കോടി രൂപ ചെലവില്‍ നിര്‍മിച്ച നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹൗസ് ബോട്ടില്‍നിന്ന് മാലിന്യങ്ങള്‍ ജലാശയത്തിലേക്ക് ഒഴുക്കാതെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ സംസ്ക്കരിക്കുന്ന രീതി ആരംഭിക്കണം. ജലാശയം മലിനമാക്കരുത്. വര്‍ക്ക് ഫ്രം നിയര്‍ രീതിയില്‍ ജോലി ചെയ്യുന്ന യുവജനങ്ങള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളെ തൊഴിലിടങ്ങളായി പ്രയോജനപ്പെടുത്തും. സ്വകാര്യ പങ്കാളിത്തത്തോടെ താമസ സൗകര്യം മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സാധിക്കണം. ഉത്തര കേരളത്തില്‍ ടൂറിസം സാധ്യതകള്‍ ഏറെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനല്‍ ഉത്തരകേരളത്തിന്റെയും പ്രത്യേകിച്ച്, ഈ പ്രദേശത്തിന്റെയും ടൂറിസം വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. നാല് ഹൗസ്ബോട്ടുകള്‍ക്ക് ഒരേസമയം ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ നാലു ബോട്ടുജെട്ടികളും ഇവയെ യോജിപ്പിക്കുന്ന നടപ്പാതയുമാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. പ്രത്യേകം വ്യൂ പോയിന്റുകളും തയാറാക്കിയിട്ടുണ്ട്. ഈ ബോട്ട് ടെര്‍മിനലിലേക്ക് എത്തിച്ചേരുന്ന റോഡിനും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സ്ഥലം സൗജന്യമായാണ് ഈ പ്രദേശവാസികള്‍ വിട്ടുനല്‍കിയത്.
നീലേശ്വരം ബേക്കല്‍ നിര്‍ദ്ദിഷ്ട ജലപാതയുടെ ആരംഭ സ്ഥാനമാണ് ഇവിടം. അതുകൊണ്ടുതന്നെ ജലഗതാഗത രംഗത്തും ഈ ബോട്ട് ടെര്‍മിനല്‍ ഒരു നാഴികക്കല്ലായി മാറും. ഇത് കോട്ടപ്പുറം ബോട്ട് ടെര്‍മിനലിന് മാത്രമായി ആവിഷ്ക്കരിക്കപ്പെട്ട ഒരു പദ്ധതിയല്ല. ഉത്തര മലബാറിലെ വലിയ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ബൃഹത്തായ പദ്ധതിയാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂര്‍ ജില്ലയില്‍ക്കൂടി ഒഴുകുന്ന വളപ്പട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളെയും കാസര്‍ഗോഡ് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളെയും വലിയപറമ്പ് കായലിനെയും കേന്ദ്രീകരിച്ചാണ് വിശാലമായ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ ബോട്ട് ടെര്‍മിനലും.
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയുടെ സംഭാവനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടൈം മാഗസിന് പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ട്രാവല്‍ പ്ലസ് ലീഷര്‍ മാഗസിന്റെ വായനക്കാര്‍ തിരഞ്ഞെടുത്തത് കേരളത്തെയാണ്.
അത്തരം സമഗ്ര ഇടപെടലുകളിലൂടെ കേരള ടൂറിസത്തെ കൂടുതല്‍ മികവുറ്റതാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന് എംപി, ഇന്ത്യന്‍ നേവിക അക്കാദമി വൈസ് അഡ്മിറല്‍ പി കെ ബാല്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, മുന്‍ എം.പി പി. കരുണാകരന്, മുന്‍ എം.എല്‍.എ കെ.പി.സതീഷ് ചന്ദ്രന്, നീലേശ്വരം മുന്‍സിപ്പാലിറ്റി വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ബി.ആര്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത്, വിവിധ രാഷ്ര്ടീയകക്ഷി പ്രതിനിധികള്‍, മറ്റു ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത സ്വാഗതവും വിനോദസഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന് നന്ദിയും പറഞ്ഞു.

