കിം ജോങ് ഉന്നിനൊപ്പം മകള്‍ വീണ്ടും പൊതുപരിപാടിയില്‍

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനൊപ്പം മകള്‍ വീണ്ടും പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മകള്‍ കിം ജു ഏയുമൊത്ത് ഫുട്‌ബോള്‍ മത്സരം കാണാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എത്തിയത്. കിമ്മിന്റെ അച്ഛന്‍ കിം ജോംഗ് ഇല്ലിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കാബിനറ്റ് അംഗങ്ങളും പ്രതിരോധ മന്ത്രാലയം ജീവനക്കാരും തമ്മില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. എന്നാല്‍, കിമ്മിന്റെ പിന്‍ഗാമിയാണു മകളെന്നാണ് അഭ്യൂഹമുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സൈനിക പരേഡില്‍ പങ്കെടുക്കാനും പിതാവ് കിമ്മിനൊപ്പം മകള്‍ കിം ജു ഏയ് എത്തിയിരുന്നു. കുറേക്കാലമായി പൊതുപരിപാടികളില്‍ അത്യപൂര്‍വമായാണ് കിം ജോങ് ഉന്‍ പങ്കെടുക്കാറുള്ളത്. അതുകൊണ്ടുകൂടിയാണ് മകളെയും കൂട്ടി കിം പൊതുപരിപാടികള്‍ക്കെത്തുന്നത് വലിയ തോതില്‍ ചര്‍ച്ചയാകുന്നതും.
ഫുട്‌ബോള്‍ മത്സരത്തിനിടയില്‍, റിമോട്ട് കണ്‍ട്രോള്‍ വിമാനങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കയ്യടിച്ചും ആര്‍ത്തുവിളിച്ചും കിമ്മും മകള്‍ കിം ജു ഏയും മത്സരം ആസ്വദിച്ചു. രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും മത്സരം കാണാനെത്തി. കിം ജോംഗ് ഉന്നിന്റെ പിന്‍ഗാമി മകളാണ് എന്ന അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടെയാണ് പൊതുവേദിയില്‍ മകളുമൊത്ത് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇതോടെ കിം ജു ഏയ് ആകും പിന്‍ഗാമിയെന്ന ചര്‍ച്ചകളും സജീവമായി. കിം ജു ഏയ് തുടര്‍ച്ചയായി പങ്കെടുക്കുന്ന ആറാമത്തെ പൊതു ചടങ്ങായിരുന്നു ഫുള്‍ബോള്‍ മത്സരവേദിയെന്നതും ചര്‍ച്ചകളുടെ ആക്കം കൂട്ടിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാര്‍ക്കും പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കിം ജു ഏയ് എന്ന പേര് നിലവില്‍ ഏതെങ്കിലും സ്ത്രീകള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ഉണ്ടെങ്കില്‍ അതും മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.

Share
അഭിപ്രായം എഴുതാം