നിലമ്പൂര്‍: കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറി(46)ല്‍ നിന്നാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപ നിലമ്പൂര്‍ പോലീസ് പിടികൂടിയത്.
നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഒ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനു മുന്‍വശം നടത്തിയ പരിശോധനയിലാണു പണം പിടിച്ചെടുത്തത്. കാറിന്റെ പിറകുവശത്തെ സീറ്റിലുണ്ടാക്കിയ രഹസ്യഅറയില്‍ 500 രൂപയുടെ കെട്ടുകളായാണു പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടുകള്‍ക്കായി എത്തിച്ചതാണെന്നു സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. ആദായനികുതി വകുപ്പിനും ഇ.ഡിയ്ക്കും റിപ്പോര്‍ട്ട് നല്‍കും. എ.എസ്.ഐ അനില്‍കുമാര്‍, കെ.എസ്.സി.പി.ഒ: ടി.എം. ജംഷാദ്, സി.പി.ഒമാരായ പി. അനസ്, പി. പ്രിന്‍സ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്.