പീഡനക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജി കോടതിയില്‍

കൊച്ചി: പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ ഹര്‍ജി കോടതിയില്‍. ഉണ്ണി മുകുന്ദനായി ജഡ്ജിയുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസിലെ ആരോപണവിധേയനായ അഡ്വ. സൈബി ജോസാണ് ഹാജരായത്. പരാതിക്കാരി ഇ-മെയില്‍ വഴി ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് അറിയിച്ചതായി സൈബി വീണ്ടും ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ജാമ്യം നേടാന്‍ പരാതിക്കാരിയുടെ പേരില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ വ്യാജ ഒത്തുതീര്‍പ്പ് സത്യവാങ്മൂലം നല്‍കിയതെന്നുള്ളത് പച്ചക്കള്ളമാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി വ്യക്തമാക്കി. മാധ്യമങ്ങള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും താന്‍ തെറ്റ് ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൈബി കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജസ്റ്റീസ് പി.ഗോപിനാഥ് ഉണ്ണിമുകുന്ദനെതിരായ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്തത്. എന്നാല്‍ ഒത്തുതീര്‍പ്പ് കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും അത്തരം സത്യാവാങ്മൂലം ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ, കേസില്‍ തെറ്റായ നടപടിയുണ്ടായെന്ന് വിലയിരുത്തി വിചാരണ നടപടി സ്‌റ്റേ ചെയ്ത ഉത്തരവ് കോടതി നീക്കുകയായിരുന്നു.
2017 ല്‍ തിരക്കഥ പറയാന്‍ ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ എത്തിയ തന്നെ കൈയ്യില്‍ കടന്ന് പിടിച്ച് തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കോടതി തുടര്‍നടപടികള്‍ തുടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →