കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണത്തിന് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. സിറ്റി പോലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും മേല്‍നോട്ടത്തിലാണു സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം പട്ടികജാതി-വര്‍ഗ കമ്മിഷന്റെ അദാലത്തില്‍ പോലീസിനു രൂക്ഷമായ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നതിനു പിന്നാലെയാണു നടപടി.
വയനാട് സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചതില്‍ നേരത്തെ അസ്വാഭാവിക മരണത്തിനു മാത്രമാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് വിഷയത്തില്‍ ദേശീയ പട്ടികജാതി-വര്‍ഗ കമ്മിഷന്‍ ഇടപെട്ടു. മൂന്നു ദിവത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്കും ഡി.ജി.പിക്കുമടക്കം നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണവും നടപടികളും പോലീസ് ഊര്‍ജിതമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ മൊഴിയെടുക്കാനെത്തി. സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മപരിശോധനയും നടന്നു.
ആശുപത്രി പരിസരത്തെ 32 ക്യാമറകളിലെ ദൃശ്യങ്ങളാണു പരിശോധിച്ചത്. വിശ്വനാഥനെ രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രി പരിസരത്ത് ചോദ്യം ചെയ്യുന്നതും 12 പേര്‍ കൂടി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി വയനാട്ടില്‍ ഇന്നലെ വിശ്വനാഥന്റെ കുടുംബം സന്ദര്‍ശിച്ചു.