സൈബിയുടെ ഓഫിസില്‍ റെയ്ഡ്; ലാപ്‌ടോപ്പ് ഉള്‍പ്പെടെ പിടിച്ചെടുത്തു

കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസില്‍ ആരോപണവിധേയനായ അഡ്വ. സൈബി കിടങ്ങൂരിന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ലാപ്‌ടോപ്പ് ഉള്‍പ്പെടെ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണു എസ്.പി: കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ സൈബിയുടെ ഓഫിസില്‍ പരിശോധന നടത്തിയത്. രേഖകള്‍ പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ സൈബിക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ നോട്ടിസ് നല്‍കുമെന്നാണു വിവരം. മറ്റു തെളിവുകള്‍ ശേഖരിച്ചശേഷമാകും സൈബിയെ വിളിച്ചുവരുത്തുകയെന്നു അന്വേഷണം സംഘം വെളിപ്പെടുത്തി.

അതേസമയം, പണം വാങ്ങിയെന്നു മൊഴി നല്‍കാന്‍ തയാറായി പരാതിക്കാര്‍ ആരുമെത്താത്തതു അന്വേഷണത്തിനുതിരിച്ചടിയാണ്. ഹൈക്കോടതിയും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആദ്യം കാണിച്ച ഗൗരവം കാണിച്ചില്ല. സൈബിയുടെ പരാതികളും അന്വേഷിക്കണമെന്നാണു കോടതിയുടെ നിര്‍ദേശം. സര്‍ക്കാരിനും സൈബിയ്‌ക്കെതിരായ അന്വേഷണത്തോടു താല്‍പര്യമില്ലാത്ത സ്ഥിതിയാണ്. ജൂനിയര്‍ അഭിഭാഷകയാണു കേസില്‍ ഹാജരായി വരുന്നത്. അഭിഭാഷക സംഘടനകളൊന്നും സൈബിക്കെതിരേ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍, അന്വേഷണം തെളിവില്ലാതെ എങ്ങുമെത്താനിടയിലെന്നാണു വിലയിരുത്തല്‍. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി സിനിമാ നിര്‍മാതാവ് ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇനി അന്വേഷണം സൈബിയിലേക്കു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു ഓഫിസിലെ പരിശോധനയെന്നാണു അന്വേഷണസംഘത്തിന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →