ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞയാഴ്ച മാര്‍പാപ്പയെ കണ്ടതായി സഭാവൃത്തങ്ങള്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷമുള്ള ബിഷപ് ഫ്രാങ്കോയുടെ ആദ്യ വത്തിക്കാന്‍ സന്ദര്‍ശനമായിരുന്നു ഇത്. ഫെബ്രുവരി എട്ടിനാണ് അദ്ദേഹം മാര്‍പാപ്പയെ കണ്ടത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ സന്ദര്‍ശനത്തില്‍ മാര്‍പ്പാപ്പ സന്തോഷിച്ചതായും കേസില്‍ വിജയിച്ചതില്‍ ആനന്ദം പ്രകടിപ്പിച്ചതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അഭിമുഖീകരിച്ച കഷ്ടതകളില്‍ പോപ്പ് അദ്ദേഹത്തെ ആശ്വസിപ്പിെച്ചന്നും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ബിഷപ് പോപ്പിനോട് അഭ്യര്‍ഥിച്ചെന്നും സഭാവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) കഴിഞ്ഞ വര്‍ഷമാണ് ഫ്രാങ്കോ മുളയ്ക്കലിനെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ കേരള പോലീസ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ അദ്ദേഹത്തെ ബിഷപ്പ് സ്ഥാനത്തുനിന്ന് തല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. പിന്നീട് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും പുതിയ ഉത്തരവാദിത്വങ്ങളൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. ചുമതലകള്‍ തിരിച്ചു നല്‍കണമെന്ന് മാര്‍പാപ്പയോട് അദ്ദേഹം അവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് അത്തരം സംഭാഷണങ്ങളൊന്നും കൂടിക്കാഴ്ചയില്‍ ഉണ്ടായില്ലെന്നായിരുന്നു സഭാവൃത്തങ്ങളുടെ പ്രതികരണം. മാര്‍പാപ്പയുടെ നേരിട്ടുള്ള ആജ്ഞയ്ക്കു കീഴിലാണു ബിഷപ്പ്. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം വത്തിക്കാനില്‍ നിക്ഷിപ്തമാണ്. പരിശുദ്ധ പിതാവ് എന്തു തീരുമാനിച്ചാലും ഫ്രാങ്കോ മുളയ്ക്കല്‍ അതനുസരിക്കും-അവര്‍ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനെ വത്തിക്കാന്‍ നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍, വിചാരണക്കോടതിയുടെ വിധിക്കെതിരേ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2014 നും 2016 നും ഇടയില്‍ കോട്ടയത്തെ കോണ്‍വന്റ് സന്ദര്‍ശന വേളകളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. അക്കാലത്ത് അദ്ദേഹം ജലന്ധര്‍ രൂപതയുടെ ബിഷപ്പായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →