ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ അമ്മയും മകളും വെന്തു മരിച്ചു. പ്രമീള ദീക്ഷിത് (45), മകള്‍ നേഹ (20) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കൈയേറ്റമൊഴിപ്പിക്കല്‍ ചുമതലയുള്ള സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, എസ്.എച്ച്.ഒ, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരേ കേസെടുത്തു. യുവതിയുടെയും മകളുടെയും മരണത്തിനു പിന്നാലെ പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ആളുകള്‍ വീട്ടിലുള്ളപ്പോള്‍ തന്നെ കുടിയൊഴിപ്പിക്കാനെത്തിയ പോലീസുകാര്‍ തീയിട്ടുവെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. അതേസമയം, കുടിയൊഴിപ്പിക്കുന്നതിനിടെ ഇരുവരും സ്വയം തീകൊളുത്തി മരിച്ചെന്നാണ് പോലീസ് ഭാഷ്യം.
കഴിഞ്ഞ ദിവസം കാന്‍പുര്‍ റൂറലിലെ മദൗലി ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ഇവിടെ സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടവും പോലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു സംഭവം. ബുള്‍ഡോസറുമായാണ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തിയതെന്നും തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. ”ആളുകള്‍ ഉള്ളില്‍ ഇരിക്കുമ്പോള്‍ തന്നെ അവര്‍ വീടിന് തീ കൊളുത്തി. പലരും ഓടി രക്ഷപ്പെട്ടു. അവര്‍ ഞങ്ങളുടെ ക്ഷേത്രം തകര്‍ത്തു. ഞങ്ങള്‍ക്കായി ആരും ഒന്നും ചെയ്തില്ല. ജില്ലാ മജിസ്ട്രേറ്റ് പോലും ഇടപെട്ടില്ല. ആര്‍ക്കും എന്റെ അമ്മയെ രക്ഷിക്കാനായില്ല” -കൊല്ലപ്പെട്ട സ്ത്രീയുടെ മകന് പറഞ്ഞു. പ്രമീളയും മകള്‍ നേഹയും സ്വയം തീകൊളുത്തിയതാണെന്നാണ് ലോക്കല്‍ പോലീസ് പറയുന്നത്. മരിച്ച സ്ത്രീയുടെ ഭര്ത്താവുള്പ്പടെയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.എച്ച്.ഒ: ദിനേശ് ഗൗതമിന് പൊള്ളലേറ്റതായി പോലീസ് അറിയിച്ചു.

