തിരുവനന്തപുരം: ഇന്ധന സെസിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരേ ഒരക്ഷരം മിണ്ടാതെ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കാന്‍ പോകുന്നുവെന്നു പറഞ്ഞു മാധമ്യങ്ങളാണു പ്രതിപക്ഷത്തെ കെണിയില്‍പ്പെടുത്തിയതെന്നും അത് കേട്ട് അവര്‍ ചാടിയിറങ്ങിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കേന്ദ്രം ചെയ്യുന്ന കെടുതികള്‍ കാണുന്നില്ല. നമ്മെ വല്ലാതെ ഞെരുക്കുകയാണ്. നികുതികള്‍ കൂട്ടാനും സെസ് ഏര്‍പ്പെടുത്താനും നിര്‍ബന്ധിതരായി. ആളുകളെ ഉപദ്രവിക്കാനല്ല, അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ വേണ്ടിയാണിത്. 1,600 രൂപ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഒരാള്‍ക്കു സാമ്പത്തിക ഭദ്രത നല്‍കുന്നുണ്ട്. അത് മുടക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്. സര്‍ക്കാരിന് ഇപ്പോള്‍ വേറെ വഴിയൊന്നുമില്ല. ഇത് ഒരുതവണയല്ലേയുള്ളു. മാസം തോറും വര്‍ധിക്കുന്ന വേറെയുണ്ടല്ലോ?. അതല്ലേ മാറേണ്ടത്. ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് മാത്രമല്ല, ബി.ജെ.പിയും സമരം ചെയ്യുന്നത് വിചിത്രമായ കാര്യമാണ്. പെട്രോള്‍-ഡീസല്‍ വില നിര്‍ണയാധികാരം കുത്തകകള്‍ക്കു വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. തരാതരം പോലെ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇരുകൂട്ടരും. റിലയന്‍സ് ആവശ്യപ്പെട്ട പ്രകാരം പ്രകൃതിവാതകത്തിന് വില വര്‍ധിപ്പിക്കാത്തതിന് ജയ്പാല്‍ റെഡ്ഡിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയവരാണ് ഇവിടെ സമരം ചെയ്യുന്നത്. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്. 2015ലെ ബജറ്റില്‍ പെട്രോളിനും ഡീസലിനും യു.ഡി.എഫ്. സര്‍ക്കാര്‍ ഒരു രൂപ അധിക നികുതിയാണ് പ്രഖ്യാപിച്ചത്.
ഞെരുക്കി തോല്‍പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്.
അതിന് കുടപിടിക്കുകയാണ് ഇവിടുത്തെ യു.ഡി.എഫ്. നേതൃത്വം ചെയ്യുന്നത്. കടം കുറയുകയും വരുമാനം വര്‍ധിക്കുകയും ചെയ്തിട്ടും സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്നത് കേന്ദ്രത്തിന്റെ സമീപനം മൂലമാണ്. വായ്പാ പരിധി വെട്ടിക്കുറച്ചു. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നു, ഗ്രാന്റുകളില്‍ വലിയതോതിലുള്ള കുറവ് വരുത്തി. ബോധപൂര്‍വം ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയങ്ങളില്‍ മാറ്റം കൊണ്ടുവന്ന് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചു. ഇതൊക്കെയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ കാരണങ്ങള്‍. പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ സമീപന ഫലമാണ് ഇപ്പോള്‍ കേരളത്തിന് വന്നിട്ടുള്ള നികുതി വിഹിതത്തിലെ ഗണ്യമായ കുറവ്. സംസ്ഥാനത്തിന്റെ അവകാശങ്ങളും വികസന ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫ് ഇക്കാര്യത്തിലെല്ലാം കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് പ്രതികൂലമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ പോലും സ്വീകരിക്കുന്നത്.-മുഖ്യമന്ത്രി പറഞ്ഞു.

