വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യു.പി. സ്വദേശി റിമാന്‍ഡില്‍

മഞ്ചേരി: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യു.പി. സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പൂര്‍ മുഹമ്മദ് നവേദ്(18)നെയാണ് ഫെബ്രുവരി 17വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്‌പെഷല്‍ സബ്ജയിലിലേക്കയച്ചത്.

കരുവാരക്കുണ്ട് തരിശ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണു പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കരുവാരക്കുണ്ട് സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി ഇക്കഴിഞ്ഞ രണ്ടിനാണ് ക്ലാസിലേക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. വഴിയില്‍വച്ച് പ്രതിയെ കണ്ടുമുട്ടുകയും ഇരുവരും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോകുകയായിരുന്നു. ഇവിടെ നിന്നു ഡല്‍ഹിയിലേക്കു ട്രെയിനില്‍ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ഡല്‍ഹിയിലേക്കു തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് ഉടന്‍ റെയില്‍വേ പോലീസിന് സന്ദേശമയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസ് ഇരുവരെയും പിടികൂടി. ടൗണ്‍ പോലീസെത്തി ഇരുവരെയും സ്‌റ്റേഷനിലെത്തിച്ചു. ഇവിടെനിന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കരുവാരക്കുണ്ട് പോലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം കാസര്‍ഗോഡെത്തി ഇരുവരെയും കൊണ്ടുവരികയായിരുന്നു. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →