വായ്പകള്‍ മുന്‍കൂറായി തിരിച്ചടച്ചു; വിശ്വാസം വീണ്ടെടുക്കാന്‍ അദാനി

മുംബൈ: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ നിലതെറ്റിയ ശതകോടീശ്വരന്‍ ഗൗതം അദാനി നിക്ഷേപക ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള നീക്കങ്ങളുമായി സജീവം. ഇതിന്റെ ഭാഗമായി ഓഹരി ഈടിന്മേലെടുത്ത കുടുംബാംഗങ്ങളുടെ പേരിലുള്ള വായ്പകള്‍ മുന്‍കൂറായി തിരിച്ചടച്ചെന്നു റിപ്പോര്‍ട്ട്. സാമ്പത്തികനില സുസ്ഥിരമാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നു കരുതുന്നു. അദാനിയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള 9186 കോടി രൂപ മൂല്യമുള്ള വായ്പകളാണ് നിശ്ചിത തീയതിക്കുമുമ്പ് അടച്ചുതീര്‍ത്തത്. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ അടുത്തവര്‍ഷംവരെ സാവകാശമുള്ളപ്പോഴാണ് തന്ത്രപ്രധാനനീക്കം. ഗ്രൂപ്പിനു കീഴിലുള്ള അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികള്‍ക്കായാണ് ഇവയുടെ ഓഹരികള്‍ ഈടുനല്‍കി വായ്പയെടുത്തിരുന്നത്. തീയതിക്കുമുമ്പേ വായ്പ തിരിച്ചടവുതുക അടച്ചതോടെ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റെ 1.177 കോടി ഓഹരികളും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ 16.827 കോടി ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 2.756 കോടി ഓഹരികളും പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

ഇക്കാര്യം പുറത്തുവന്നതിനുപിന്നാലെ ഓഹരി വിപണിയില്‍ അദാനി പോര്‍ട്‌സിന്റെ ഓഹരികള്‍ 8.5 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. എന്നാല്‍ അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍, അദാനി ടോട്ടല്‍ഗ്യാസ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എന്നീ അഞ്ച് കമ്പനികളുടെ ഓഹരികള്‍ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് തുടരുന്നത്. അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ 10 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ അദാനി ഗ്രീനിന് അഞ്ചു ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കമ്പനി ഓഹരികള്‍ ഈടുവച്ചെടുത്ത ചില വായ്പകള്‍ മുന്‍കൂറായി തിരിച്ചടയ്ക്കാന്‍ വായ്പാദാതാക്കളുമായി അദാനിഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. വിവാദങ്ങള്‍ ഉലച്ചിട്ടില്ലെന്നും സാമ്പത്തികസ്ഥിതി ഭദ്രമാണെന്നുമുള്ള സന്ദേശം നല്‍കാനാണ് ഇതിലൂടെ ഗ്രൂപ്പ് ശ്രമിക്കുന്നത്.

ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ഏല്‍പ്പിച്ച പ്രഹരത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഓഹരിവിപണിയില്‍നിന്നുമാത്രം അദാനിക്ക് 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായി. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പുള്ള മാസങ്ങളില്‍ വിവിധ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിലായിരുന്നു അദാനിയുടെ ശ്രദ്ധ. ഇതിനു തുക കണ്ടെത്താന്‍ ആശ്രയിച്ചതും വായ്പകളെയായിരുന്നു. അംബുജ, എ.സി.സി. എന്നീ സിമെന്റ് കമ്പനികളെ സ്വന്തമാക്കാന്‍ മാത്രം 53,000 കോടി രൂപയാണ് അദാനി വായ്പയെടുത്തതെന്നു റിപ്പോര്‍ട്ടുണ്ട്. ഈ വായ്പകളുടെ പുനഃക്രമീകരണത്തിനായി വന്‍തുക കരുതല്‍ധനശേഖരത്തില്‍നിന്ന് ചെലവാക്കാന്‍ കമ്പനി നിര്‍ബന്ധിതരായതായും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →