തുർക്കിയിലെ ഭൂചലനം: മരണം 100 കടന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ന്യൂഡൽഹി: തുർക്കിയിലും അയൽ രാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർ ഭൂചലനവും അനുഭവപ്പെട്ടു.

നിരവധി കെട്ടിടങ്ങൾ നിലം പൊത്തി. ഒട്ടേറെപ്പേർ ഇതിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ലെബനനിലും സൈപ്രസിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുർക്കിയിൽ 53 പേരും സിറിയയിൽ 42 പേരും മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുർക്കിയിലെ മലത്യ നഗരത്തിൽ മാത്രം 23 പേർ മരണപ്പെട്ടുവെന്ന് ഗവർണർ അറിയിച്ചു. 420 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണുണ്ട്. സിറിയയിൽ 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 200ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

തുർക്കിയിലെ ഗാസിയാൻടെപ്പിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയൻ അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സിറിയയിലെ പല നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. അതിർത്തിയുടെ ഇരുവശത്തും കനത്ത നാശനഷ്ടം ഉണ്ടായതായാണ് വിവരം. 06/02/23 തിങ്കളാഴ്ച പ്രദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനം ഉണ്ടായത്.

ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യബ് എർദുഗാൻ ട്വീറ്റ് ചെയ്തു. ഭൂകമ്പത്തിനിടെ കുറഞ്ഞത് 6 തുടർചലനങ്ങളുണ്ടായി. തകർന്ന കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് എർദുഗാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →