പാസ്സ് വേർഡ് ഫ്ലവറിം​ഗ് സഹവാസ കരിയർ​ ​ഗെെഡൻസ് ക്യാമ്പിന് തുടക്കമായി

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം- മന്ത്രി മുഹമ്മദ്‌ റിയാസ്

കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ആർക്കും വേണ്ടാതെ കിടക്കുന്ന കല്ലിനെ വൈഡൂര്യമാക്കി മാറ്റുന്ന മിന്നൽ സ്പർശത്തെ പോലെ വിദ്യാർത്ഥികൾക്ക് കരുത്തായി സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷക്ഷേമ വകുപ്പ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കോഴിക്കോട് പി എം ഒ സെന്ററിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സൗജന്യ കരിയർ ഗൈഡൻസ് -മോട്ടിവേഷൻ ക്യാമ്പ് ഫ്ലവറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ മതനിരപേക്ഷ ആശയങ്ങൾക്ക് നേരെ വെടിയുതിർത്ത ദിനം കൂടിയാണ് ജനുവരി 30 എന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം സ്മരിച്ചു കൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനാ ആശയവും മതസൗഹാർദ്ദ അന്തരീക്ഷവും സംരക്ഷിക്കാനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും നിലകൊണ്ടതിന്റെ ഭാ​ഗമായാണ് രാഷ്ട്രപിതാവ് കൊല്ലപ്പെട്ടത് എന്ന് നാം ഓർക്കണമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംരക്ഷിക്കുക എന്നുള്ളത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയമാണ്. ആ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ്, തലങ്ങളിലെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആവിഷ്കരിച്ച പരിപാടിയാണ് പാസ്സ്‌വേർഡ്. ട്യൂണിങ്, ഫ്ലവറിം​ഗ്, എക്സ്പ്ലോറിങ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി വിഭാഗം ചെയ്തിരിക്കുന്നത്. കോഴിക്കോട് -വയനാട് ജില്ലകളിൽ നിന്നും ആദ്യ ഘട്ട ട്യൂണിങ് ക്യാമ്പിലൂടെ തെരഞ്ഞെടുത്ത 150 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജില്ലാക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 120 വിദ്യാർത്ഥികൾക്ക് എക്സ്പ്ലോറിംഗ് ഇന്ത്യ എന്ന പ്രോഗ്രാമിലൂടെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും

ഉന്നത വിദ്യാഭ്യാസ സാധ്യതകൾ, കരിയർ പ്ലാനിങ്, ഗവേഷണ രംഗത്തെ നൂതന സാധ്യതകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ നൈപുണ്യവും സംരംഭകത്വവും തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലന ക്ലാസുകൾ, സിവിൽ സർവീസ്, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച എന്നിവ ഉൾപ്പെടുത്തി ആറ് സെക്ഷനുകളായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിന്റെ ആദ്യ ദിനം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. പി എം മുബാറക് പാഷ, ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മിഷണർ എം.എസ് മാധവികുട്ടി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കരിയർ കൗൺസിലർമാരായ ജമാലുദ്ധീൻ മാളിക്കുന്നു, കെ.എം സിറാജ്, പി രാജീവൻ എന്നിവർ ക്ലാസുകൾ നയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →