ബംഗളുരു: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്. ഉത്തരാഖണ്ഡിനെ 116 റണ്ണിന് ഓള്‍ഔട്ടാക്കിയ കര്‍ണാടക ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 123 എന്ന നിലയിലാണ്. നായകന്‍ മായങ്ക് അഗര്‍വാള്‍ (86 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 65), രവികുമാര്‍ സമര്‍ഥ് (74 പന്തില്‍ 54) എന്നിവരാണു ക്രീസില്‍. 36 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത വെങ്കിടേഷാണ് ഉത്തരാഖണ്ഡിനെ തകര്‍ത്തത്.
വിദ്വത് കാവേരപ്പ, കൃഷ്ണപ്പ ഗൗതം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വിജയ് കുമാര്‍ വൈശാഖ് ഒരു വിക്കറ്റുമെടുത്തു. 31 റണ്ണെടുത്ത കുണാല്‍ ചാണ്ഡേലാണു ടോപ് സ്‌കോറര്‍. ബംഗാളിനെതിരായ മത്സരത്തില്‍ ഝാര്‍ഖണ്ഡിനും കാലിടറി. ആദ്യം ബാറ്റ് ചെയ്ത അവര്‍ 173 റണ്ണിന് ഓള്‍ഔട്ടായി. 175 പന്തില്‍ 89 റണ്ണുമായി പുറത്താകാതെനിന്ന കുമാര്‍ സൂരജ് മാത്രമാണു പിടിച്ചുനിന്നത്. ബംഗാളിനു വേണ്ടി ആകാശ് ദീപ് നാല് വിക്കറ്റും മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുമെടുത്തു. ഇഷാന്‍ പോറല്‍, ആകാശ് ഖാതക് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.പഞ്ചാബിനെതിരേ സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സില്‍ 303 റണ്ണിന് ഓള്‍ഔട്ടായി. ചേതന്‍ സകാരിയയുടെ സെഞ്ചുറിയും (111) സ്‌നെല്‍ പട്ടേലിന്റെ അര്‍ധ സെഞ്ചുറിയും (70) സൗരാഷ്ട്രയെ 300 കടത്തി.