ക്ലാറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി അട്ടപ്പാടിയില്‍ നിന്ന് ആരതി

ദേശീയ നിയമ സര്‍വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയില്‍ ഉന്നത വിജയം നേടി കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ പഠനത്തിന് ഒരുങ്ങുകയാണ് അട്ടപ്പാടിയിലെ മുണ്ടേരി ഊരില്‍ നിന്നുള്ള സി. ആരതി. അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആരതി അഖിലേന്ത്യാതലത്തില്‍ എസ്.ടി വിഭാഗത്തില്‍ 43-ാം റാങ്കും സംസ്ഥാനതലത്തില്‍ മൂന്നാം റാങ്കും കരസ്ഥമാക്കിയാണ് പ്രവേശനം നേടിയത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ നിയമപരിശീലനത്തിന്റെ ഫലമായാണ് അട്ടപ്പാടി എം.ആര്‍.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിനി ആരതിക്ക് ദേശീയ നിയമ സര്‍വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ സാധിച്ചത്.

അപ്പന്‍കാപ്പ് കോളനിയിലെ പരേതനായ ചന്ദ്രന്റെയും ലീലയുടെയും മകളാണ് ആരതി. ഗോത്ര വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുക ലക്ഷ്യമിട്ട് 2021 ലാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്‍ട്രന്‍സ് പരീക്ഷാ പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവല്ല നിയമ പഠന വിഭാഗം ഫാക്കല്‍റ്റി ഡോ. ജയശങ്കര്‍, ഡോ. ഗിരീഷ് കുമാര്‍, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സ്റ്റാഫ് അംഗങ്ങള്‍, എം.ആര്‍.എസ് സ്‌കൂളിലെ അധ്യാപകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന നിയമ പ്രവേശന പരീക്ഷയില്‍ അട്ടപ്പാടി ചാവടിയൂര്‍ മേലേമുള്ളി ഊരില്‍ നിന്നുള്ള വി. വിനോദിനിക്ക് തിരുവനന്തപുരം ഗവ ലോ കോളെജില്‍ പ്രവേശനം ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →