കോട്ടയം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചേക്കാന്‍ സാധ്യത. 31/01/23 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തില്‍ അടൂര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്.
ശങ്കര്‍ മോഹന്റെ രാജി സമയത്ത് തന്നെ രാജിന്നദ്ധത പ്രകടിപ്പിച്ച അടൂരിനെ സര്‍ക്കാര്‍ തണുപ്പിക്കുകയായിരുന്നു. സിപിഐഎം പി.ബി അംഗം എം.എ.ബേബി വിവാദങ്ങള്‍ക്കിടയിലും അടൂരിന് പരസ്യപിന്തുണയുമായി രംഗത്തെത്തി. അടൂരിനെ ജാതിവാദി എന്നുവിളിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം. അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയാണ്. ജീവിതകാലം മുഴുവന്‍ അടൂര്‍ ഒരു മതേതര വാദിയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പ്രകോപിപ്പിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂര്‍. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും എടുത്ത് സമൂഹമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുകയാണ്. അതു വിപ്ലവകരമായ പ്രവര്‍ത്തനമാണെന്ന് കരുതുന്നവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കണമെന്നും ബേബി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോട്ടയം ജില്ലയിലെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജില്‍ കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയിലേക്കാണ് ഒടുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം എത്തിയത്. വിദ്യാര്‍ത്ഥി സമരം 50ാം ദിവസത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ ശങ്കര്‍ മോഹന്‍ സ്വയം രാജിവച്ചൊഴിയുകയായിരുന്നു.