ഇന്ത്യ ഫൈനലില്‍

പോചഫ്‌സ്‌ട്രോം (ദക്ഷിണാഫ്രിക്ക): വനിതകളുടെ അണ്ടര്‍ 19 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ മൂന്ന് റണ്ണിനും തോല്‍പ്പിച്ചു. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 5.15 മുതലാണു ഫൈനല്‍. ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒന്‍പത് വിക്കറ്റിന് 107 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 34 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഓപ്പണര്‍ ശേത്വാ സെഹ്‌റാവത് (45 പന്തില്‍ 10 ഫോറുകളടക്കം പുറത്താകാതെ 61), സൗമ്യ തിവാരി (26 പന്തില്‍ 22), ജി. തൃഷ (ഏഴ് പന്തില്‍ പുറത്താകാതെ അഞ്ച്) എന്നിവരാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. നായികയും ഓപ്പണറുമായ ഷഫാലി വര്‍മ ഒന്‍പത് പന്തില്‍ പത്ത് റണ്ണുമായി പുറത്തായി. നാല് ഓവറില്‍ 20 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പര്‍ഷവി ചോപ്രയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. റ്റിറ്റാസ് സാധു, മന്നത് കാശ്യപ്, ഷഫാലി വര്‍മ, അര്‍ച്ചനാ ദേവി എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് വനിതകള്‍ 99 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഓസീസ് 18.4 ഓവറില്‍ 96 റണ്ണിനും ഓള്‍ഔട്ടായി. ഗ്രേസ് സ്‌ക്രീവന്‍സ് എറിഞ്ഞ 19-ാം ഓവറില്‍ അവസാന ബാറ്റര്‍ മാഗി ക്ലാര്‍ക്ക് (0) വിക്കറ്റിനു മുന്നില്‍ കുടുങ്ങി. എല്ലാ വില്‍സണ്‍ (12 പന്തില്‍ എട്ട്) ക്രീസില്‍ നില്‍ക്കേയാണ് ഓസീസ് തോല്‍വി വഴങ്ങിയത്. നാല് ഓവറില്‍ 10 റണ്‍ മാത്രം നല്‍കി മൂന്ന് വിക്കറ്റെടുത്ത ഹന്നാ ബേക്കറാണ് ഓസീസിനെ തകര്‍ത്തത്. ഗ്രേസ് സ്‌ക്രീവന്‍സ് രണ്ട് വിക്കറ്റുമെടുത്തു. അലക്‌സ് സ്‌റ്റോണ്‍ഹൗസ്, എല്ലി ആന്‍ഡേഴ്‌സണ്‍, ജോസി ഗ്രൂവ്‌സ്, റയാന മക്‌ഡൊണാള്‍ഡ് ഗായ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
അലക്‌സ് സ്‌റ്റോണ്‍ഹൗസ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സിയാന ജിഞ്ചര്‍ (0) പുറത്തായിരുന്നു. ആമി സ്മിത്ത് (26 പന്തില്‍ 26), ക്ലയര്‍ മൂര്‍ (20), എല്ലാ ഹെയ്‌വാഡ് (16) എന്നിവരാണു രണ്ടക്കം കടന്നവര്‍. ഓസീസിന്റെ മാഗി ക്ലാര്‍ക്ക്, എല്ലാ ഹെയ്‌വാഡ്, സിയാന ജിഞ്ചര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തതോടെയാണ് ഇം ണ്ട് 99 ന് ഓള്‍ഔട്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →