ആലപ്പുഴ: അന്താരാഷ്ട്ര ചെസ് ടൂറിസം പരിപാടിയുടെ ഭാഗമായ ചെസ് ഹൗസ്ബോട്ട് 2023-ന് ജില്ലയില്‍ തുടക്കം. പുന്നമട കായലില്‍ റോയല്‍ ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച പരിപാടി ജില്ല കളക്ടര്‍ വി. ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വിദേശ താരങ്ങളായ ജിറി നവരാതിലിനും സാഷക്കും വേണ്ടി ആദ്യ കരുനീക്കവും മറുനീക്കവും നടത്തിക്കൊണ്ട് കൃഷ്ണ തേജയും മുന്‍ കൃഷിവകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാറും ചേര്‍ന്നാണ് മത്സരത്തിന് തുടക്കം കുറിച്ചത്.
കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മുന്‍ രാജ്യാന്തര ചെസ് താരങ്ങളുടെ കൂട്ടായ്മയായ ഓറിയന്റ് ചെസ് മൂവേര്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് പുറമെ സ്വിറ്റ്സര്‍ലാന്‍ഡ്, യു.എസ്., ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നടക്കം നാല്പതോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വേമ്പനാട്ടുകായല്‍, തേക്കടി, കുമരകം, ബോള്‍ഗാട്ടി പാലസ് തുടങ്ങിയ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വേമ്പനാട് കായലിലെ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചെസ്സ് ഹൗസ് ബോട്ട് കുമരകത്തേക്ക് യാത്ര തിരിക്കും.