കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)യുടെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ജപ്തിക്ക് വിധേയമായവര്‍ക്ക് പി എഫ് ഐയുമായുള്ള ബന്ധവും സര്‍ക്കാര്‍ വിശദീകരിക്കണം.
ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. അതിനിടെ, പി എഫ് ഐയുമായോ ഹര്‍ത്താല്‍ അക്രമവുമായോ യാതൊരു ബന്ധവുമില്ലാത്തവരുടെ സ്വത്തുവകകള്‍ ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് കേസില്‍ കക്ഷി ചേരാന്‍ ഹരജി നല്കി. മലപ്പുറം സ്വദേശിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് സി പി യൂസുഫ് ആണ് കേസില്‍ കക്ഷി ചേരുന്നത്. യൂസുഫിന്റെ സ്വത്തുക്കള്‍ കഴിഞ്ഞ ദിവസം ജപ്തി ചെയ്തിരുന്നു.
പി എഫ് ഐയുമായി യാതൊരു ബന്ധവുമില്ലാത്ത എന്നാല്‍ അതിന്റെ ആദര്ശാശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും തുടക്കം മുതല്‍ നഖശിഖാന്തം എതിര്‍ക്കുന്ന കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകരുടെയും വയനാട്ടില്‍ മദ്റസ അധ്യാപകന്റെയും വസ്തുവകകള്‍ ജപ്തി ചെയ്തിട്ടുണ്ട്. പി എഫ് ഐയുടെ ദേശീയ നേതാക്കളെയടക്കം എന്‍ ഐ എ കൂട്ടമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ കേരളത്തില്‍ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. കെ എസ് ആര് ടി സി ബസുകളടക്കം തകര്‍ത്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഹര്‍ത്താല്‍ നടത്തിയവരില്‍ നിന്ന് ഈടാക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജപ്തി നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഹര്‍ത്താല്‍ നടത്തിയതിന്റെ പിറ്റേന്ന് പി എഫ് ഐയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

