തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിച്ച് സര്‍ക്കാര്‍. സഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ഈ പരോക്ഷ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. ജനഹിതത്തെ പ്രതിനിധീകരിക്കുന്നതാണ് നിയമനിര്‍മാണ സഭകള്‍. നിയമനിര്‍മാണ സഭ നടപ്പാക്കുന്ന ബില്ലുകള്‍ നിയമമാകുമ്പോള്‍ അവയുടെ അന്തസത്ത സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
സര്‍വ്വകലാശാല നിയമഭേദഗതി, സലോകായുക്ത ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ബില്ലുകള്‍ ഇപ്പോഴും ഗവര്‍ണര്‍ ഒപ്പിടാതെ തുടരുകയാണ്. ഇവയിലൊന്നും നടപടിയെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന ഗവര്‍ണറുടെ നിലപാടിനെ കൂടിയാണ് സര്‍ക്കാര്‍ പരോക്ഷമായി വിമര്‍ശിച്ചത്.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്ന സമയത്ത്, സംസ്ഥാനത്തിന്റെ വരുമാനം ലോട്ടറിയിലൂടെ മാത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍, ലോട്ടറിയുടെ ലാഭത്തിലൂടെ സംസ്ഥാനത്തുണ്ടായ നേട്ടങ്ങളും വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ വായിപ്പിച്ചു.
നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെയും വിമര്‍ശനമുണ്ട്. സംസ്ഥാനത്തെ കടമെടുപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണ്. ഈ നീക്കം സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടുന്നതാണെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന ഭാഗത്തും കേന്ദ്രത്തിന് വിമര്‍ശനമുണ്ട്. മതപരവും ഭാഷാപരവും മറ്റ് മേഖലകളിലുമുള്ള ആധിപത്യ പ്രവണതകള്‍ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്ന ജനാധിപത്യ സംവിധാനത്തിന് തടസം നില്‍ക്കുകയാണെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.
അതേസമയം നയപ്രഖ്യാപനപ്രസംഗത്തില്‍, സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ ലൈന്‍ വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു