മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും.

തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആരംഭിക്കാനും മദ്രസകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസം നല്‍കുന്ന സംവിധാനം കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ മദ്രസാ അധികൃതരുമായി കൂടിയാലോചിച്ചെന്നും അവരുടെ പിന്തുണയുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
സംസ്ഥാനത്തെ മദ്രസകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നേരത്തേ അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും പ്രതികരണം. ചെറിയ മദ്രസകള്‍ വലിയവയുമായി ലയിപ്പിക്കും. പരിഷ്‌കരണം സംബന്ധിച്ച് 68 മദ്രസാ അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവില്‍ 100 ചെറിയ മദ്രസകളെ വലിയവയുമായി ലയിപ്പിച്ചെന്നും അസം ഡി.ജി.പി. അറിയിച്ചു.

അസമില്‍ ചെറിയ മദ്രസകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ ഭീഷണി മറികടക്കാനാണ് മദ്രസകള്‍ ലയിപ്പിക്കുകയും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതെന്ന് സംസ്ഥാന ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു. ചെറിയ മദ്രസകള്‍ ഉപയോഗപ്പെടുത്തി അസമിലെ മുസ്ലിംകളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥിതിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം