കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. അംബികേഷ് മഹാപാത്ര 11 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കേസില്‍ കുറ്റവിമുക്തനായി. കേസുമായി ബന്ധപ്പെട്ട് 2012 ഏപ്രില്‍ 12 നാണ് ഈസ്റ്റ് ജാദവ്പൂര്‍ പോലീസ് മഹാപാത്രയെ അറസ്റ്റ് ചെയ്തത്.
2012 ല്‍ ദിനേശ് ത്രിവേദിക്ക് പകരം മുകുള്‍ റോയ് കേന്ദ്ര റെയില്‍വേ മന്ത്രിയായതുമായി ബന്ധപ്പെട്ട ഒരു കാര്‍ട്ടൂണ്‍ മെയില്‍ ചെയ്തതാണ് അംബികേഷ് മഹാപത്രക്കെതിരായ കേസിന് അടിസ്ഥാനം.
കൊല്‍ക്കത്തയുടെ തെക്കന്‍ പ്രദേശത്തുള്ള തന്റെ ഹൗസിംഗ് സൊെസെറ്റിയിലെ അംഗങ്ങള്‍ക്കാണ് അദ്ദേഹം അത് അയച്ചുനല്‍കിയത്. മഹാപാത്രയ്‌ക്കൊപ്പം 70 വയസുകാരനായ റിട്ട. എന്‍ജിനീയറും ഹൗസിംഗ് സൊെസെറ്റി സെക്രട്ടറിയുമായിരുന്ന സുബ്രത സെന്‍ഗുപ്തയും അറസ്റ്റിലായിരുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കേസ് തുടര്‍ന്നു. വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന സെന്‍ഗുപ്ത 2019-ല്‍ 80-ാം വയസില്‍ മരിച്ചു. തന്റെ പോരാട്ടം എല്ലാത്തരം അതിക്രമങ്ങള്‍ക്കും എതിരെയാണെന്ന് കുറ്റവിമുക്തനായ ശേഷം അംബികേഷ് മഹാപത്ര പറഞ്ഞു.