പത്തനംതിട്ട: പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരികരിച്ച സംഭവത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗബാധിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തുള്ള മുഴുവൻ പക്ഷികളേയും കൊല്ലാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. രോഗ സാന്നിധ്യമുള്ള സ്ഥലത്ത് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പക്ഷികളെ കൊല്ലുന്നത്. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ 950 ഓളം വളർത്തു പക്ഷികളെ ഞായറാഴ്ചയോടെ കൊല്ലാനാണ് നീക്കം. രോഗ വ്യാപന സാധ്യത കണക്കിലെടുത്തു ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗ ബാധിത പ്രദേശം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ കോഴികൾ, മുട്ട, ഇറച്ചി തുടങ്ങിയവ നശിപ്പിക്കാൻ ദ്രുതകർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. 21/01/22 ശനിയാഴ്ച മുതൽ മൂന്നു ദിവസം കർഷകരുടെ വീടുകളിൽ എത്തി രോഗ ലക്ഷണങ്ങൾ ഉള്ള കോഴികളെ കൊല്ലും. രോഗ വ്യാപന പരിധിയിൽ കോഴി ഇറച്ചിയും മുട്ടയും വിൽക്കുന്ന കടകളും അടച്ചിടാൻ നിർദേശം നൽകി.