ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരേ നടപടിയുണ്ടാകാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു വനിതാ താരങ്ങള്‍

ന്യൂഡല്‍ഹി: താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരേ ശക്തമായ നടപടിയുണ്ടാകാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു വനിതാ താരങ്ങള്‍ വ്യക്തമാക്കി. ബ്രിജ് ഭൂഷണ്‍ രാജിവച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തികരമായ പ്രതികരണം ഉണ്ടായില്ലെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പറഞ്ഞു.

അതിനിടെ, റസ്‌ലിങ് ഫെഡറേഷന്റെ അടിന്തരയോഗം 22 ന് അയോധ്യയില്‍ ചേരും. കേന്ദ്ര മന്ത്രിയുമായി ഗുസ്തി താരങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് യോഗം വിളിക്കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്. ഡബ്ല്യു.എഫ്.ഐ. പ്രസിഡന്റും ബി.ജെ.പി: എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനും ഗുസ്തി പരിശീലകര്‍ക്കുമെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 200 ഗുസ്തിതാരങ്ങളാണ് ഡല്‍ഹി ജന്തര്‍മന്ദിറില്‍ ബുധനാഴ്ച സമരം തുടങ്ങിയത്.
ബ്രിജ്ഭൂഷണ്‍ മാനസികമായും ശാരീരികമായും ലൈംഗികമായും നിരന്തരം തങ്ങളെ പീഡിപ്പിക്കാറുണ്ടെന്ന് പരാതിക്കാര്‍ മന്ത്രിയെ അറിയിച്ചു. ക്യാമ്പുകളില്‍ വെച്ചുപോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഇന്ത്യന്‍ കായികരംഗത്തിനു തന്നെ മാനക്കേടുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ബ്രിജ്ഭൂഷണിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കായികതാരങ്ങള്‍ പറഞ്ഞു.
ആരോപണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യു.എഫ്.ഐ.) കായിക മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആരോപണങ്ങള്‍ നിഷേധിച്ചു. പലതാരങ്ങളും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നതായി ആരോപിച്ച് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് രംഗത്തെത്തിയതോടെയാണു പ്രതിഷേധം തുടങ്ങിയത്.

അതേസമയം, ആരോപണങ്ങള്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആരോപണങ്ങള്‍ നിഷേധിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം ഇവരൊന്നും പ്രതികരിക്കാതിരുന്നതെന്നും പ്രായം കൂടിയതിനാല്‍ താരങ്ങളുടെ കായികക്ഷമത നഷ്ടപ്പെട്ടുവെന്നും അതിനാലാണ് ഇപ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്നുമാണ് റെസ്‌ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാദം.

Share
അഭിപ്രായം എഴുതാം