മോദിയെക്കുറിച്ചുള്ള ബി.ബി.സി. പരമ്പരയ്‌ക്കെതിരേ കേന്ദ്രം


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. പരമ്പരയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാര്‍. ”ഇന്ത്യ, ദ് മോദി ക്വസ്റ്റിയന്‍” എന്ന പേരില്‍ രണ്ടുഭാഗങ്ങളായുള്ള പരമ്പര പക്ഷപാതപരവും നിക്ഷിപ്തതാല്‍പ്പര്യത്തോടെയുമുള്ള പ്രചാരവേലയാണെന്നു വിദേശകാര്യമന്ത്രാലയവക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചു. വസ്തുതാവിരുദ്ധതയും കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ചയുമാണു ബ്രിട്ടീഷ് മാധ്യമത്തിന്റെ നിലപാടില്‍ പ്രതിഫലിക്കുന്നത്. പരമ്പരയ്ക്കു പിന്നിലെ അജന്‍ഡ എന്താണെന്നത് അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷം, ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ട 2002-ലെ കലാപത്തില്‍ അദ്ദേഹത്തിന്റെ പങ്ക് എന്നിവ അന്വേഷിക്കുന്ന പരമ്പരയെന്നാണു ബി.ബി.സിയുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് പരമ്പര സംപ്രേഷണം ചെയ്തു തുടങ്ങിയത്. എന്നാല്‍, ഇത് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നില്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നടന്ന കലാപത്തില്‍ അദ്ദേഹത്തിന്റെ പങ്കിനു തെളിവില്ലെന്നു സുപ്രീം കോടതി നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മോദിയെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണു കലാപം നടന്ന് 10 വര്‍ഷത്തിനുശേഷം പ്രത്യേകാന്വേഷണസംഘം സമര്‍പ്പിച്ചത്. കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി ഇത് ശരിവച്ചു.

എന്നാല്‍, ഇന്ത്യയിലെ മുസ്ലിം ജനതയോടുള്ള മോദി സര്‍ക്കാരിന്റെ നിലപാട് സംബന്ധിച്ച ആരോപണങ്ങളിലെ വസ്തുതയും 2019-ല്‍ തുടര്‍ഭരണം നേടിയശേഷമുള്ള വിവാദനയതീരുമാനങ്ങളുമാണു പരമ്പരയിലൂടെ പരിശോധിക്കുന്നതെന്നു ബി.ബി.സി. വിശദീകരിച്ചു. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി, പൗരത്വഭേദഗതി നിയമം, മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയെല്ലാം പരമ്പരയില്‍ പരാമര്‍ശിക്കുന്ന വിവാദവിഷയങ്ങളാണ്. പരമ്പരയുടെ രണ്ടാം ഭാഗം ഈ മാസം 24-ന് സംപ്രേഷണം ചെയ്യുമെന്ന് ബി.ബി.സി. അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബി.ബി.സിയുടെ പരമ്പര യുട്യൂബ് പിന്‍വലിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം