ന്യൂഡല്‍ഹി: തലസ്ഥാനത്തെ പൊതുഇടങ്ങളിലെ സ്ത്രീസുരക്ഷ നേരില്‍ പരിശോധിക്കാനിറങ്ങിയ ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സവാതി മലിവാളിനുനേരേ അതിക്രമം. മദ്യപിച്ചു ലക്കുകെട്ട കാര്‍ഡ്രൈവര്‍, അധ്യക്ഷയുടെ കൈ വിന്‍ഡോയില്‍ കുരുക്കി വാഹനമോടിച്ചു. 15 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചെങ്കിലും മലിവാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഹരീഷ്ചന്ദ്ര (46) അറസ്റ്റില്‍.
ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു മലിവാളും സംഘവും ഡല്‍ഹിയിലെ തെരുവുകളില്‍ പരിശോധനയ്ക്കിറങ്ങിയത്. ഡല്‍ഹി എയിംസിനു മുന്നിലെ റോഡില്‍ നില്‍ക്കുകയായിരുന്ന മലിവാളിനു മുന്നില്‍ കാര്‍നിര്‍ത്തി ഡ്രൈവര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ഇതു മലിവാള്‍ നിരസിച്ചു. ആദ്യം വാഹനമോടിച്ചു പോയെങ്കിലും പിന്നാലെ യു-ടേണെടുത്ത് തിരികെയെത്തിയ ഡ്രൈവര്‍ ബലംപ്രയോഗിച്ച് മലിവാളിനെ കാറില്‍ക്കയറ്റാന്‍ ശ്രമിച്ചു.
ഇതിനിടെ വിന്‍ഡോയിലൂടെ ഡ്രൈവറുടെ ശരീരത്തില്‍ മലിവാള്‍ പിടിത്തമിട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വശത്തെ ാസ് മുകളിലേക്കു കയറ്റി ഡ്രൈവര്‍ കാര്‍ ഓടിച്ചു. ക്ലാസിനിടയില്‍ കൈ കുരുങ്ങിയ മലിവാളിനെയും വലിച്ചിഴച്ച് കാര്‍ പതിനഞ്ചുമീറ്ററോളം മുന്നോട്ടുനീങ്ങി. ഒരുവിധത്തില്‍ കാറില്‍നിന്നു കൈ പുറത്തെടുത്ത് മലിവാള്‍ വിവരം പോലീസില്‍ അറിയിച്ചു. ഊര്‍ജിത തെരച്ചിലിനൊടുവില്‍ അരമണിക്കൂറിനകം വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലിവാളിനൊപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ അല്‍പ്പം അകലെയായിരുന്നതാണു ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുങ്ങിയത്.
വൈദ്യപരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. അതിക്രമം, അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തു. ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അടുത്തമാസം രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ഡല്‍ഹി കാഞ്ചാവാലയില് അഞ്ജലി സിങ്ങെന്ന യുവതി 12 കിലോമീറ്റര്‍ കാറിനടിയില്‍ കുടുങ്ങി മരണമടഞ്ഞത് ആഴ്ചകള്‍ക്കു മുമ്പായിരുന്നു. അതിനുപിന്നാലെയാണ് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സമാനഅനുഭവത്തില്നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
സംഭവം വിവരിച്ച് സ്വാതി മലിവാള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുകയും ചെയ്തു.
സ്ത്രീസുരക്ഷ പരിശോധിക്കാനിറങ്ങിയ തന്നെ രക്ഷിച്ചത് ദൈമാണ്. ഡല്‍ഹിയില്‍ വനിതാ കമ്മിഷന് അധ്യക്ഷപോലും സുരക്ഷിതയല്ലെങ്കില്‍ മറ്റുള്ളവരുടെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് അവര്‍ കുറിപ്പിട്ടു.
ദേശീയ തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വഷളായതിനു തെളിവാണിതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ പ്രതികരിച്ചു. വനിതാ കമ്മിഷന് അധ്യക്ഷയുടെ സുരക്ഷപോലും വെല്ലുവിളിക്കാനാകുംവിധം അക്രമികള്‍ക്കു ധൈര്യം കൈവന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

