പാലക്കാട്: എ.ടി.എം. മെഷീനില്‍ കൃത്രിമംകാണിച്ച് പണം തട്ടുന്ന മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. പ്രതികള്‍ നാട്ടുകാരായ സുഹൃത്തുക്കളില്‍നിന്നും പണം കൊടുത്ത് എ.ടി.എം. കാര്‍ഡുകള്‍ സംഘടിപ്പിച്ച് കേരളത്തിലെ എ.ടി.എം. സെന്ററുകളിലെത്തി കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും മെഷീനില്‍നിന്നും പുറത്ത് വരുന്ന പണം വരുന്ന വിടവില്‍ അമര്‍ത്തി പിടിച്ച് പണം എടുക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്.
വിടവ് അമര്‍ത്തുന്നതോടെ ഇടപാട് പരാജയപ്പെടുകയും എന്നാല്‍ പ്രതികള്‍ക്ക് പണം ലഭിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അതാത് ബാങ്കുകളില്‍ പോയി പണം ലഭിച്ചില്ലെന്ന പരാതി നല്‍കുകയും ഇടപാട് പരാജയപ്പെട്ടെന്ന് കാണുന്നതോടെ ബാങ്കില്‍ നിന്ന് അക്കൗണ്ടിലേക്ക് പണം ലഭിക്കുകയും ചെയ്യും. രാജ്യത്തിലുടനീളം എ.ടി.എം. സെന്ററുകള്‍ നടത്തുന്ന ഹിറ്റാച്ചി പോലുള്ള ഫ്രാഞ്ചൈസികളാണ് പ്രതികള്‍ തെരഞ്ഞെടുക്കുന്നത്.
ഇതുമൂലം ഫ്രാഞ്ചൈസികള്‍ക്കാണ് പണം നഷ്ടപ്പെടുന്നത്. അക്കൗണ്ട് പരിശോധിക്കുമ്പോള്‍ മാത്രമേ പണം നഷ്ടപ്പെട്ടത് കാണാന്‍ സാധിക്കുകയുള്ളൂ. കോടതിപ്പടിയിലുള്ള ഹിറ്റാച്ചി ബ്രാഞ്ചിലെ സെക്യുരിറ്റിക്കാരന് പണം പിന്‍വലിക്കാന്‍ വന്ന പ്രതികളില്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയും പിന്നീട് മണ്ണാര്‍ക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളുടെ തട്ടിപ്പ് പുറത്തായത്. മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ബോബിന് മാത്യു, എസ്.സി.പി.ഒ. കമറുദ്ദീന്, സി.പി.ഒ. ഷഫീഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

