കാസര്‍ഗോഡ്: 800 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പുകേസില്‍ പ്രതിയായ ജി.ബി.ജി. ചെയര്‍മാന്‍ വിനോദ്കുമാര്‍ സിനിമയെടുക്കാമെന്നു പറഞ്ഞും തട്ടിപ്പ് നടത്തിയതായി ആരോപണം. സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ ഒരു കുട്ടിക്ക് വീട് എന്ന ആശയവുമായി കൂട്ടുകാരിക്ക് ഒരു വീട് എന്ന സിനിമ എടുക്കാനാണു പദ്ധതിയിട്ടത്. ജി.ബി.ജി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ബാനറിലാണ് വിനോദ് കുമാര്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാസര്‍ഗോഡ് പ്രസ് ക്ലബിൽ വാര്‍ത്താസമ്മേളനം നടത്തി സംവിധായകന്‍ ഗോപി കുറ്റിക്കോലിനൊപ്പം ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ പ്രഖ്യാപിച്ചദിവസം തന്നെ സിനിമയില്‍നിന്ന് പിന്മാറിയെന്ന് സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ജി.ബി.ജി. ഓഫീസിന്റെ അടുത്ത് കട നടത്തുന്ന തന്റെ സുഹൃത്ത് അരവിന്ദന്റെ ഗൃഹപ്രവേശനദിവസമാണ് അവിചാരിതമായി അവിടെ കണ്ട വിനോദ് തന്നെ സിനിമാ നിര്‍മാണത്തിനായി സമീപിക്കുന്നതെന്ന് ഗോപി കുറ്റിക്കോല്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനം നടത്തി സിനിമാ പ്രഖ്യാപനം നടത്താമെന്ന് വിനോദ്കുമാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി മുന്നോട്ടുവന്നത്. വാര്‍ത്താസമ്മേളനം നടത്തിയ ദിവസം തന്നെ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിനോദ് തട്ടിപ്പുകാരന്‍ ആണെന്നും അയാളുമായി ഒരുതരത്തിലുള്ള ഇടപാടുകളും നടത്തരുതെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ പ്രൊജക്ടില്‍ നിന്നു പിന്മാറി. സിനിമയുമായി ബന്ധപ്പെട്ട കരാറുകളൊന്നും തയാറാക്കിയിരുന്നില്ലെന്നും അതുകൊണ്ട് നിയമപരമായ ഒരു ബാധ്യതയും ഉണ്ടായിരുന്നില്ലെന്നും ഗോപി കുറ്റിക്കോല്‍ കൂട്ടിച്ചേര്‍ത്തു.
കൂട്ടുകാരിക്ക് ഒരു വീട് എന്ന സിനിമ ചെയുമ്പോള്‍ പാവപ്പെട്ട ഒരുകുട്ടിക്ക് താമസയോഗ്യമായ വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണ് സിനിമയുടെ ഒരുക്കങ്ങള്‍ നടക്കുന്നതെന്നും വിനോദ് വ്യക്തമാക്കിയിരുന്നു. സിനിമാവ്യവസായത്തിനും താരരാജാക്കന്‍മാര്‍ക്കും കാരുണ്യപ്രവര്‍ത്തനത്തിന്റെ പുതിയ പാഠമാകും ഈ സിനിമ നല്‍കുകയെന്നും വിനോദ് പറഞ്ഞിരുന്നു.
നിരവധി കുട്ടികള്‍ക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരവും നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. ഏഴിനും പ്ലസ്ടുവിനും ഇടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഓഡിഷന് ക്ഷണിച്ച് അഭിനയിപ്പിക്കുമെന്നും സിനിമാ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങുമെന്നുമായിരുന്നു അറിയിച്ചത്. അന്ന് വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവായ വിനോദ് കുമാറിനെ കൂടാതെ സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണിപ്രസാദ്, അസിസ്റ്റന്റ് ഡയറക്ടര്‍ ആരാധ്യ രാകേഷ്, വിന്‍ലാല്‍ എന്നിവരും പങ്കെടുത്തിരുന്നു.