തിരുവനന്തപുരം: സച്ചിന് ബേബി ഒരുവട്ടം കൂടി ബാറ്റുകൊണ്ട് ഇന്ദ്രജാലം കാട്ടിയപ്പോള്‍ കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ തകര്‍ച്ചയില്‍നിന്നു കരകയറി കേരളം. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ കേരളം ആറു വിക്കറ്റിന് 224 റണ്ണെന്ന നിലയില്‍. സീസണിലെ മൂന്നാം സെഞ്ചുറിനേടി അപരാജിതനായ സച്ചിന് ബേബി (272 പന്തില്‍ 116) ക്കൊപ്പം ഓള്‍റൗണ്ടര്‍ ജലജ് സക്സേന (31)യാണു ക്രീസില്‍.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് മൈതാനത്ത് നാണയഭാഗ്യം കേരളത്തിനായിരുന്നു. ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം തെറ്റിയെന്നു തെളിയിക്കുന്നതായിരുന്നു കേരള ബാറ്റര്‍മാരുടെ പ്രകടനം. സ്കോര്‍ബോര്‍ഡില്‍ റണ്‍ പിറക്കുംമുമ്പേ ഓപ്പണര്‍ പൊന്നന് രാഹുലിനെ ആതിഥേയര്‍ക്കു നഷ്ടമായി. രാഹുലിന്റെ അതേപാതയില്‍ രണ്ടാം ഓവറില്‍ രോഹന് പ്രേം സംപൂജ്യനായി പവലിയനിലേക്കു മടങ്ങി. ഫോറടിച്ചു തുടങ്ങിയ രോഹന്(അഞ്ച്) കുന്നുമ്മല്കൂടി ബാറ്റ് താഴ്ത്തിയതോടെ കേരളം മൂന്നിന് അഞ്ചു റണ്ണെന്ന വമ്പന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു.
ഇതോടെ ക്രീസില്‍ ഒത്തുചേര്‍ന്ന സച്ചിന് ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് ഇന്നിങ്സ് നേരേയാക്കുന്നതിനാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. തുടരെ വിക്കറ്റ്വീഴ്ത്തിയതിന്റെ ആവേശത്തില്‍ വര്‍ധിതവീര്യത്തോടെ പന്തെറിഞ്ഞ കര്‍ണാടക ബൗളര്‍മാരെ ഇരുവരും കരുതലോടെ നേരിട്ടു. നാലാം വിക്കറ്റില്‍ 120 റണ്‍ കൂട്ടിച്ചേര്‍ക്കാന്‍ സഖ്യത്തിനായി. ഒടുവില്‍ അര്‍ധസെഞ്ചുറിക്ക് നാലു റണ്ണകലെ വത്സല്‍ മടങ്ങി.
116 പന്തില്‍ ആറു ഫോറടക്കമാണ് വത്സല്‍ 46 റണ്‍ സ്വന്തമാക്കിയത്. പിന്നാലെ ക്രീസിലെത്തിയ സല്മാന് നിസാറിനും അധികം ആയുസുണ്ടായിരുന്നില്ല. കൗശിക് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ കേരളം മറ്റൊരു തകര്‍ച്ചയിലേക്കു വഴുതിവീണു. ഇതിനിടെ സച്ചിന് ബേബി അര്‍ധസെഞ്ചുറി തികച്ചു. അക്ഷയ് ചന്ദ്രന് പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും 17 റണ്‍ സംഭാവന നല്കി കൂടാരം കയറി. സച്ചിന് സെഞ്ചുറിയടിച്ചതിനു പിന്നാലെയായിരുന്നു അക്ഷയ് ചന്ദ്രന്റെ മടക്കം. 12 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്റെ 10-ാം രഞ്ജി സെഞ്ചുറി. ആറു വിക്കറ്റ് നഷ്ടമായെങ്കിലും മധ്യനിരയിലെ വിശ്വസ്തന് ജലജ് സക്സേനയെ കൂട്ടുപിടിച്ച് കൂടുതല്‍ നഷ്ടങ്ങളില്ലാതെ സച്ചിന് ആദ്യദിനം 224 റണ്ണെന്ന സ്കോറില്‍ കേരളത്തെയെത്തിച്ചു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 50 റണ്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
26 പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിലുള്ള കര്ണാടകയ്ക്കുപിന്നില് 19 പോയിന്റുമായി കേരളമാണു രണ്ടാമത്. കേരളത്തിനു നോക്കൗട്ട് കാണണമെങ്കില്‍ കര്‍ണാടകത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

