പത്തനംതിട്ട : ആറന്മുള സ്റ്റേഷനിൽ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന എസ് ഐ അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണ വിധേയമായി സജീവ് ഖാനെ നേരത്തെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിലെ കാന്റീൻ അടുക്കളയിൽ വച്ച് യുവതിയെ പൊലീസുകാരൻ അപമാനിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് യുവതി സ്റ്റേഷനിലെ വനിതാ പൊലീസുകാരോട് വിവരം പറയുകയും അവരുടെ നേതൃത്വത്തിൽ പത്തനംതിട്ട വനിത സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
യുവതിയുടെ പരാതി ആദ്യം ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും പരാതിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതോടെ പൊലീസുകാരൻ ഒളിവിൽ പോകുകയായിരുന്നു.