വയനാട്ടിൽ വീണ്ടും കടുവ ഭീതി : പ്രദേശത്ത് കൂട് സ്ഥാപിക്കാൻ നോർത്ത് വയനാട് ഡി.എഫ്.ഒയോട് നിർദ്ദേശിച്ച് എം.എൽ.എ

മാനന്തവാടി: പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിലാണ് കടുവ എത്തിയിരിക്കുന്നത്. നഗരസഭയുടെ മൂന്നാംവാർഡായ പിലാക്കാവ് മണിയൻക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.

2023 ജനുവരി 14ന് ഉച്ചക്ക് രണ്ട് മണിയോട് അടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. മണിയൻകുന്ന് നടുതൊട്ടിയിൽ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരൻ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റിൽ മേയാൻ വിട്ടതായിരുന്നു. തേയില തോട്ടത്തിൽ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവർ ബഹളം വെച്ചപ്പോൾ ഓടിപോകുകയുമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ഒരു കിലോമീറ്റർ മാറി വനപ്രദേശമുണ്ട്. സ്വാകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കർ എസ്‌റ്റേറ്റ് വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. കടുവ പോലെയുള്ള വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ ജനവാസ മേഖലയിലേക്ക് എത്തിപ്പെടാൻ ഇത് മൂലം കഴിയുന്നുണ്ട്. ശനിയാഴ്ച പശുവിനെ കൊന്ന അതേ പ്രദേശത്ത് നിന്നാണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ കൊന്നിട്ടുള്ളത്.

2022 നവംബർ നാലിന് വട്ടക്കുനിയിൽ ജോൺസൺ എന്ന ബിജുവിന്റെ ആടും, നവംബർ 17ന് ഊന്നുകല്ലിങ്കൽ കുമാരന്റെ പശുക്കിടാവിനെയുമാണ് പിലാക്കാവ് മണിയൻ കുന്നിൽ വെച്ച് കടുവ കൊന്നത്. വിവരമറിഞ്ഞ് ബേഗൂർ റെയ്ഞ്ച് ഓഫീസർ രാഗേഷ്, മാനന്തവാടി എസ്.ഐ. സോബിൻ വനം, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഒ.ആർ. കേളു എം.എൽ.എയും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് കൂട് സ്ഥാപിക്കാനും നോർത്ത് വയനാട് ഡി.എഫ്.ഒയോട് എം.എൽ.എ നിർദേശിച്ചു.

രണ്ട് മാസത്തിനിടെ മൂന്ന് വളർത്തുമൃഗങ്ങളാണ് മണിയൻകുന്നുകാർക്ക് നഷ്ടപ്പെട്ടത്. നവംബറിൽ ആദ്യം കടുവയുടെ ആക്രമണം ഉണ്ടായപ്പോൾ തന്നെ വനാതിർത്തിയിൽ വൈദ്യുത കമ്പിവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഡിവിഷൻ അംഗം ഉഷ കേളു ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മുമ്പ് പ്രദേശത്ത് ആനശല്ല്യവും രൂക്ഷമായിരുന്നുവെന്നും നഗരസഭ അംഗം പറഞ്ഞു. അതേ സമയം തൊണ്ടർനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതോടെ വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ വനംവകുപ്പും അങ്കലാപ്പിലാണ്. വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തിയാൽ തുരത്താനോ മയക്കുവെടിവെച്ച് പിടികൂടാൻ പരിശീലനം സിദ്ധിച്ച കൂടുതൽ ഉദ്യോഗസ്ഥർ വയനാട്ടിൽ ഇല്ലാത്തതാണ് കാരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →