സെന്റ് ജോണ്‍സ് (ആന്റിഗ്വ): 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി നിലവില്‍ ഒളിവില്‍ കഴിയുന്ന ആന്റിഗ്വയിലെ നീതിന്യായസംവിധാനങ്ങളെ വിലയ്‌ക്കെടുത്തെന്നു വെളിപ്പെടുത്തല്‍.
തന്നെ ഇന്ത്യക്കു കൈമാറുന്നതു തടയാന്‍ ചോക്‌സി ആന്റിഗ്വന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കും കോഴ നല്‍കിയെന്നാണ് ആരോപണം. പ്രമുഖ സാമ്പത്തിക കുറ്റാന്വേഷകന്‍ കെന്നത്ത് റിജോക്കാണു ”ബ്ലോഗറി”ല്‍ എഴുതിയ ലേഖനത്തിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആന്റിഗ്വയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഡോണിസ് ഹെന്റി, മജിസ്‌ട്രേറ്റ് കോണ്‍ലിഫെ ക്ലാര്‍ക്കെ തുടങ്ങിയവര്‍ക്കു കോഴ നല്‍കി, അവിടുത്തെ കോടതി നടപടികള്‍ പരമാവധി നീട്ടാനാണു ചോക്‌സിയുടെ ശ്രമമെന്നു റിജോക് ചൂണ്ടിക്കാട്ടി. ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള അല്‍ പോര്‍ട്ടോ ഹോട്ടലില്‍ ഇന്‍സ്‌പെക്ടര്‍ ഹെന്റിയുമായി അദ്ദേഹം ദിവസത്തില്‍ മൂന്നുതവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ചോക്‌സിയെ ഇന്ത്യക്കു കൈമാറാനുള്ള ഇന്റര്‍പോള്‍ ശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കാന്‍ ഹെന്റിക്കും കോടതി നടപടികള്‍ അനിശ്ചിതമായി നീട്ടാന്‍ ക്ലാര്‍ക്കെയ്ക്കും വന്‍തുക കൈക്കൂലി നല്‍കുകയായിരുന്നു. കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍നിന്നു ക്യൂബയിലേക്കു കടക്കാനുള്ള ചോക്‌സിയുടെ ശ്രമം പരാജയപ്പെട്ടതെങ്ങനെയെന്നും തുടര്‍ന്ന്, റാഞ്ചല്‍ നാടകത്തിനു തിരക്കഥ തയാറാക്കിയതെങ്ങനെയെന്നും വസ്തുതകള്‍ നിരത്തി റിജോക് ലേഖനത്തില്‍ വിശദീകരിക്കുന്നു.
കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ക്യൂബയ്ക്കു കരാറില്ലാത്തതിനാലാണു ചോക്‌സി അവിടേക്കു കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അയല്‍രാജ്യമായ ഡൊമിനിക്കയില്‍ പിടിയിലായ ചോക്‌സിയെ അവിടെനിന്ന് ആന്റിഗ്വയ്ക്കു കൈമാറി. പ്രതിയെ ഇന്ത്യക്കു കൈമാറാന്‍ ആന്റിഗ്വന്‍ കോടതി ഉത്തരവിട്ടെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ന്യായാധിപരും ചോക്‌സിയില്‍നിന്നു കോഴ വാങ്ങി നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. വായ്പാത്തട്ടിപ്പ് കേസില്‍ പ്രതിയായതിനേത്തുടര്‍ന്ന് 2018-ല്‍ ഇന്ത്യ വിട്ട ചോക്‌സി നിക്ഷേപകനെന്ന നിലയില്‍ ആന്റിഗ്വയില്‍ പൗരത്വം നേടി. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

