തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി തിങ്കളാഴ്ച (09.01.2023) മുതല്‍ ഞായറാഴ്ച (15.01.2023) വരെ നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം നടത്തും.
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണു പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. നിയമസഭാ സമുച്ചയത്തില്‍ 126 സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പകര്‍ന്നു ”വായനയാണ് ലഹരി” എന്ന സന്ദേശമാണു പുസ്തകോത്സവം മുന്നോട്ടുവയ്ക്കുന്നത്. തിങ്കളാഴ്ച (9.01.2023) 11.30 നു ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ നിയമസഭ ലൈബ്രറി അവാര്‍ഡ് കഥാകൃത്ത് ടി. പത്മനാഭന് മുഖ്യമന്ത്രി സമ്മാനിക്കും.
16 പുസ്തകങ്ങളാണ് പുസ്തകോത്സവത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച (9.01.2023) പ്രകാശനം ചെയ്യുന്നത്. പുസ്തകോത്സവ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ നിയമസഭ അങ്കണത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

