തിരുവനന്തപുരം: മൂന്നു സര്‍ക്കാര്‍ ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അസാധുവാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. (കെ.എ.ടി). യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രൈബ്യൂണലിന്റെ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍ വി.ആര്‍. ജയദേവന്‍, എറണാകുളം ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍ ബിന്ദു എം.നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്.
യു.ജി.സി മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു വേണം നിയമനം നടത്താന്‍ എന്നിരിക്കെ അതുണ്ടായില്ലെന്നു ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു നിയമനം നടത്താന്‍ സര്‍ക്കാരിനു ട്രൈബ്യൂണല്‍ നിര്‍ദേശവും നല്‍കി. മതിയായ യോഗ്യതയുള്ളവരെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് 2021ല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജ് അധ്യാപകന്‍ ഡോ. ഗിരിശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ച ട്രൈബ്യൂണല്‍ 2018ലെ യു.ജി.സി മാനദണ്ഡം പാലിക്കാതെയാണു നിയമനങ്ങള്‍ നടത്തിയതെന്നു കണ്ടെത്തി. ഇത്തരത്തിലുള്ള നിയമനം അസാധുവാണെന്ന സുപ്രീം കോടതി നിരീക്ഷണം ഈ നിയമനങ്ങളില്‍ ബാധകമെന്നു വ്യക്തമാക്കിയാണ് നിയമനങ്ങള്‍ അസാധുവാക്കിയത്. രണ്ടു വര്‍ഷത്തെ ഹിയറിങ് നടത്തിയാണ് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് പി.വി.ആശ, പി.കെ.കേശവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

