പോക്‌സോ കേസുകളില്‍ വര്‍ധന: തലസ്ഥാനം മുന്നില്‍

തൃശൂര്‍: പോക്‌സോനിയമത്തിനു 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കേസന്വേഷണവും വിചാരണയും വേഗത്തിലാക്കുന്നത് ഉള്‍പ്പെടെ പല നിര്‍ദേശങ്ങളും കട്ടപ്പുറത്ത്. സംസ്ഥാനത്ത് മുന്‍വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 3729 പോക്‌സോ കേസുകള്‍. 2021 ല്‍ ഇത് 3559 ആയിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി കേസുകളുടെ എണ്ണം ഉയര്‍ന്നു. സംസ്ഥാനത്ത് ഒട്ടാകെ 56 പോക്‌സോ കോടതികളാണുള്ളത്.മുന്‍വര്‍ഷം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു തിരുവനന്തപുരം ജില്ലയിലാണ്; 475 കേസ്. മലപ്പുറം ജില്ലയില്‍ 450, എറണാകുളത്തു 368, കോഴിക്കോട് 350 എന്നിങ്ങനെയാണ് കേസുകള്‍. കൊല്ലത്ത് 322, തൃശൂരില്‍ 307 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 150നു മുകളിലാണ് ശേഷിക്കുന്ന ജില്ലകളിലെയും കേസുകളുടെ എണ്ണം.പോക്‌സോ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നിയമം.എന്നാല്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ പലയിടത്തുമുണ്ട്. പ്രതിയുടെ ഭാഗത്തു നിന്നു രണ്ടുതവണ വധശ്രമം ഉണ്ടായിട്ടും പോലീസ് കേസെടുക്കുന്നില്ലെന്നു കാട്ടി മലപ്പുറം സ്വദേശിയായ അതിജീവിത അടുത്തിടെ രംഗത്തു വന്നിരുന്നു. പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ മാത്രമായി പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതിനിടെ നാല് വര്‍ഷത്തിലധികമായി 620 പേര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. 14.39 കോടി രൂപ നഷ്ടപരിഹാര ഇനത്തില്‍ നല്‍കാന്‍ ഉത്തരവിട്ടു. 568 പേര്‍ക്ക് 12. 99 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 12 വരെ നഷ്ടപരിഹാര തുക അനുവദിച്ചവരുടെ കുടിശിക തീര്‍ക്കുമെന്നാണ് ഉത്തരവ്. സാമ്പത്തിക വര്‍ഷം തീരുംമുമ്പ് കുടിശിക തീര്‍ക്കണം. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റവര്‍, പോക്‌സോ കേസുകളിലെ അതിജീവിതകള്‍, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പ്രതിയെ തിരിച്ചറിയാത്ത കേസുകളിലെ ഇരകള്‍ തുടങ്ങിയവര്‍ക്കാണ് ഇതോടെ ആശ്വാസം ലഭിക്കുക. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം നല്‍കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →