കൊച്ചി: സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് ഇലന്തൂർ നരബലിക്കേസിലെ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നരബലി കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ് ലിൻ എന്നിവരെ നരബലി ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാൽ, ലൈലയുടെ ആവശ്യം കോടതി നിരാകരിച്ചു.
ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരായ മുഴുവൻ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം തേടി ലൈല എറണാകുളം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. താൻ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ചാണ് അന്ന് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കോടതി അന്ന് ജാമ്യം അനുവദിച്ചില്ല.
ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവൽ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവർ ചേർന്ന് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. റോസ്ലിൻ, പത്മ എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊച്ചിയിൽനിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയിൽ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വെട്ടിനുറുക്കി വീട്ടുവളപ്പിൽ കുഴിച്ചിട്ടു.
ഇലന്തൂരിലെ തിരുമ്മുവൈദ്യനാണ് ഭഗവൽ സിങ്. പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്നയാളാണ് ഇവർക്കായി സ്ത്രീകളെ എത്തിച്ചുനൽകിയത്. മൂന്നുപേരും ചേർന്നാണ് കൊലപാതകം നടത്തിയത്

