വ്യാജ വരുമാന സർട്ടിഫിക്കറ്റ് : മലപ്പുറം സ്വദേശി അറസ്റ്റിൽ

എരമംഗലം (മലപ്പുറം): പഞ്ചായത്തിലെ ക്ഷേമപെൻഷൻ അപേക്ഷയിൽ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ആൾ പോലീസ് പിടിയിൽ. പാലപ്പെട്ടി പുതിയിരുത്തി വെസ്റ്റ് അജ്മീർ നഗർ സ്വദേശി അച്ചാറിന്റെകത്ത് അജ്മൽ (23) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. വെളിയങ്കോട് പഞ്ചായത്തിലേക്കുള്ള പെൻഷൻ അപേക്ഷകൾക്കായി ഗുണഭോക്താക്കൾക്ക് വ്യാജമായി 15 വരുമാന സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയതായി പോലീസ് കണ്ടെത്തി.

അജ്മൽ പുതിയിരുത്തിയിൽ ജനസേവാ കേന്ദ്രം നടത്തിയിരുന്നു. ഇവിടെനിന്നാണ് ഇയാൾ പലർക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയത്. വെളിയങ്കോട് ഗ്രാമം തപാൽ ഓഫീസിനു കീഴിൽവരുന്ന വിലാസത്തിലുള്ള എട്ടുപേരുടെ വരുമാന സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് വില്ലേജ് ഓഫീസർ കണ്ടെത്തിയത്. വെളിയങ്കോട് വില്ലേജ് ഓഫീസർ നൽകിയ പരാതിയിലാണ് പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ക്ഷേമ പെൻഷന് നൽകിയ അപേക്ഷയുടെ വരുമാന സർട്ടിഫിക്കറ്റ് പരിശോധനയിൽ സംശയം തോന്നിയ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അധികൃതരാണ് സൂക്ഷ്മപരിശോധനക്കായി വെളിയങ്കോട് വില്ലേജ് ഓഫീസിന് കൈമാറിയത്. വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ എട്ടു വരുമാന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരേ നമ്പറിലുള്ള സർട്ടിഫിക്കറ്റുകൾ പേരുകൾ മാറ്റിയനിലയിൽ കണ്ടെത്തി.

അപേക്ഷകരുടെ മൊഴിയെടുക്കലിനുശേഷം ജനസേവാ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് അജ്മലിനെ കണ്ടെത്താനായത്. വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിലെ ജനസേവാ കേന്ദ്രത്തിൽനിന്നും വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചതായും പോലീസിന് സൂചനയുണ്ട്. ജില്ലയിലെ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളിൽ നൽകിയ പെൻഷൻ അപേക്ഷകളിലും വ്യാജ വരുമാന സർട്ടിഫിക്കറ്റ് കണ്ടെത്തുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. പോലീസ് പിടികൂടിയ അജ്മലിനെ 2023 ജനുവരി 4 ബുധനാഴ്ച പൊന്നാനി കോടതി റിമാൻഡ്‌ ചെയ്തു.

Share
അഭിപ്രായം എഴുതാം